കേരളം നടപ്പാക്കാന്‍ പോകുന്ന അതിവേഗ റെയില്‍പ്പാതയ്ക്കായി (സില്‍വര്‍ ലൈന്‍) സര്‍വ്വേ പുരോഗമിക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന റെയില്‍പ്പാത ഭാവിയിലെ വികസനം മുന്നില്‍ക്കണ്ടുള്ളതാണ്. എന്നാല്‍ പദ്ധതിയെപ്പറ്റി ജനങ്ങള്‍ക്കിടിയില്‍ അവബോധം സൃഷ്ടിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതാണ് ദിനം പ്രതിയുള്ള പ്രതിഷേധം സൂചിപ്പിക്കുന്നത്. യുഡിഎഫും ബിജെപിയും പദ്ധതിയെ എതിര്‍ത്ത് രംഗത്തുണ്ട്. ഇവയൊക്കെ മറികടന്ന് സര്‍വ്വേ നടപടികള്‍ സുഗമമായി നടപ്പാക്കാന്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. എന്നാൽ സമൂഹമാധ്യമങ്ങളിലും പദ്ധതിയെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്.
വീട് പൊളിച്ചുമാറ്റാന്‍ വന്ന സംഘത്തിനുമുന്നില്‍ നിര്‍വികാരയായി ഇരിക്കുന്ന ഒരു വൃദ്ധയുടെ ചിത്രം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇത് വീടിന്റെ അറ്റകുറ്റപണിക്ക് വിളിച്ച ബംഗാളികളല്ല ഒരായുസ് മുഴുവന്‍ വിഴര്‍പ്പൊലിച്ച് അധ്യാനിച്ചുണ്ടാക്കിയ കിടപ്പാടം ഒറ്റ ദിവസം കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി അവരുടെ ദല്ലാളന്മാരായ തൊഴിലാളി വര്‍ഗ പാര്‍ട്ടീക്കാരുടെ നേതാക്കളുടെയും മന്ത്രി പുഗവന്മാരുടെയുംപോക്കറ്റ് വീര്‍പ്പിക്കാനുള്ള വികസനത്തിന് വേണ്ടി പാവങ്ങളുടെ നെഞ്ചത്ത് തറക്കുന്ന കുറ്റിയാണ് ജയിപ്പിച്ച് വിട്ട ജനങ്ങള്‍ക്ക് കൊടുക്കുന്ന സര്‍ക്കാരിന്റെ നന്ദിസൂചകമായിട്ടുള്ള പരിതോഷികം’ എന്നുള്ള കുറിപ്പോടു കൂടിയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ചിത്രത്തിന് കെ-റെയില്‍ സര്‍വ്വേയുമായി യാതൊരുവിധ ബന്ധവുമില്ല. കെ-റെയില്‍ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്ന ചിത്രമെന്ന് നേരിട്ട് പറയുന്നില്ലെങ്കിലും ‘തൊഴിലാളി വര്‍ഗ പാര്‍ട്ടീക്കാരുടെ നേതാക്കളുടെയും മന്ത്രി പുഗവന്മാരുടെയും പോക്കറ്റ് വീര്‍പ്പിക്കാനുള്ള വികസനത്തിന് വേണ്ടി പാവങ്ങളുടെ നെഞ്ചത്ത് തറക്കുന്ന ‘കുറ്റിയാണ് ‘ജയിപ്പിച്ച് വിട്ട ജനങ്ങള്‍ക്ക് കൊടുക്കുന്ന സര്‍ക്കാരിന്റെ നന്ദിസൂചകമായിട്ടുള്ള പരിതോഷികം ‘ എന്നുള്ള പരോക്ഷ വിമര്‍ശനം കെ-റെയിലിനെതിരായാണെന്ന് വ്യക്തമാണ്.
പൂട്ടിയിട്ടിരിക്കുന്ന ഒരു വീടിനു മുന്നില്‍ കൈകള്‍ കൂപ്പി മുകളിലേക്ക് നോക്കിയിരിക്കുന്ന ഒരു വൃദ്ധയാണ് ചിത്രത്തിലുള്ളത്. പശ്ചാത്തലത്തില്‍ വീടിന്റെ ജനാലകള്‍ ചുറ്റിക ഉപയോഗിച്ച് പൊളിക്കാന്‍ തുടങ്ങുന്ന രണ്ട് തൊഴിലാളികളുണ്ട്. ഒരു പൊലീസുകാരനും മറ്റു ചിലരെയും കാണാനാകുന്നുണ്ട്. ഏതോ പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തതാകാമെന്ന് ചിത്രത്തില്‍ നിന്ന് മനസിലാക്കാം. എന്നാല്‍ കെ-റെയില്‍ പദ്ധതി സ്ഥലമേറ്റെടുപ്പിന്റെ ഘട്ടത്തിലേക്ക് കടന്നിട്ടില്ല. പദ്ധതി നടപ്പാക്കനുള്ള സര്‍വ്വേയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇക്കാര്യം സമീപകാല വാര്‍ത്തകളില്‍ നിന്ന് വ്യക്തമാണ്. എങ്കിലും ചിത്രം ഒന്ന് ഗൂഗിളിൽ പരിശോധിച്ചപ്പോൾ ഇത് വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രമാണെന്നും കെ-റെയില്‍ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്നും മനസിലാക്കാനായി. വല്ലാര്‍പ്പാടം ടെര്‍മിനല്‍(ഇന്റര്‍ നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍- കൊച്ചി) പദ്ധതിക്കായി സ്ഥലം ഏറ്റെടുപ്പ് നടത്തിയ മൂലമ്പിള്ളി പ്രദേശത്തു നിന്നുള്ള ചിത്രമാണിത്.