ന്യൂഡല്‍ഹി: രാജ്യത്തെല്ലായിടത്തും ബിഎസ്എൻഎൽ 4ജി സർവീസ് ഉടനും ഇതര കമ്പനികളുടെ 5ജി സർവീസ് ഈ വർഷാവസാനവും ഉണ്ടാകുമെന്ന് കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി ദേവുസിൻഹ് ചൗഹാൻ. രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ബിഎസ്എൻഎൽ 4 ജി സർവീസ് ഉടൻ തുടങ്ങും. ഏറെക്കുറെ ഈ വർഷാവസാനം തന്നെ’ യുപി എംപി കുൻവാൻ രേവതി രാമൻ സിങ്ങിന്റെ ചോദ്യത്തിന് മറുപടി പറയവേ മന്ത്രി പറഞ്ഞു. കമ്പനിയുടെ നെറ്റ്‌വർക്ക് വിപുലപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
മറ്റു കമ്പനികളെ പോലെ രാജ്യത്തെല്ലായിടത്തും ബിഎസ്എൻഎല്ലിന് 4 ജി കണക്ഷനില്ല. 2020 ൽ 4 ജി കണക്ടിവിറ്റി പൂർത്തീകരിക്കുമെന്നാണ് 2019 ൽ പ്രതീക്ഷിച്ചിരുന്നത്. 50,000 4 ജി സൈറ്റുകൾക്കായി ടെണ്ടർ വിളിക്കാനും 2019 അവസാനത്തിൽ തീരുമാനിച്ചു. എന്നാൽ 2020 ൽ ടെലികമ്യൂണിക്കേഷൻ മന്ത്രാലയം ടെണ്ടർ റദ്ദാക്കി. ചൈനീസ് കമ്പനികളെ ടെണ്ടറിൽനിന്ന് ഒഴിവാക്കാനായിരുന്നു സർക്കാർ പദ്ധതിയെന്ന് റിപ്പോർട്ടുണ്ട്.
5ജി കണക്ടിവിറ്റി രാജ്യത്തുടനീളം ഉടൻ എത്തുമെന്നും ചൗഹാൻ വ്യക്തമാക്കി. 98 ശതമാനം മൊബൈൽ കണക്ടിവിറ്റി രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ എയർടെൽ, ജിയോ, വിഐ (വോഡഫോൺ ഐഡിയ) എന്നിവയാണ് രാജ്യത്ത് 5 ജി ട്രയൽസ് നടത്തിയിട്ടുള്ളത്. തുടക്കത്തിൽ വൻനഗരങ്ങളിൽ മാത്രമാണ് 5 ജി ഈ വർഷം വരാനിടയുള്ളത്. മറ്റിടങ്ങളിൽ അടുത്ത വർഷമെത്തിയേക്കും.