തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് മർദ്ദനമേറ്റ എംപിമാരെ പരിഹസിച്ച സിപിഎം നേതാക്കൾക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ഭൂതകാലം മറക്കരുതെന്ന് നിയമസഭയിലെ സംഘർഷങ്ങൾ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ തമാശക്കാരനാവുകയാണ് സജി ചെറിയാൻ. സിപിഎം തീവ്ര വലതുപക്ഷത്തേക്ക് മാറുകയാണ്. വിദ്രോഹ കൂട്ടുകെട്ടിൽ എൻ ഇ ബാലാറാമിന്റെ മക്കളും സി അച്യുതമേനോന്റെ മക്കളുമുണ്ടോയെന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു.
സിൽവർ ലൈനിന്റെ അലൈൻമെന്റ് മാറ്റത്തിലൂടെ പല വമ്പന്മാർക്കും ഇളവ് കിട്ടിയെന്നും ഇതെല്ലാം ഒന്നൊന്നായി പുറത്തുവരുമെന്നും സതീശൻ പറഞ്ഞു. കെ റെയിലിൽ ബിജെപിക്കും സംസ്ഥാന സർക്കാരിനും ഇടയിൽ ഇടനിലക്കാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി കോൺഗ്രസ് വരെ വിവാദം വേണ്ടെന്നാണ് സർക്കാർ തീരുമാനം. അതിനാലാണ് സർവേ നിർത്തിയത്. ഇത് താത്കാലികമായുള്ള പിൻവാങ്ങലാണ്. പൂർണമായും പിന്മാറിയിട്ടില്ലെന്നും വിഡി സതീശൻ രൂക്ഷമായി വിമർശിച്ചു .