കണ്ണൂര്‍: കണ്ണൂരില്‍ നിന്നും ഒന്നരക്കോടിയോളം രൂപ വിപണിയിൽ വിലവരുന്ന എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് പിടിച്ച കേസുമായി ബന്ധപ്പെട്ട് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം പിടികൂടി. മാര്‍ച്ച് 16-ന് പിടിയിലായ പ്രധാനപ്രതി നിസാം അബ്ദുള്‍ ഗഫൂറിന്റെ മയക്കുമരുന്ന് വിപണന ശൃംഖലയില്‍പ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടില്‍ ശിഹാബ് (35), മരക്കാര്‍കണ്ടി ചെറിയ ചിന്നപ്പന്റവിട സി.സി.അന്‍സാരി (33), ഇയാളുടെ ഭാര്യ ശബ്ന (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍നിന്നും മയക്കുമരുന്നും കണ്ടെടുക്കുകയും ചെയ്തു.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. നിസാം അബ്ദുള്‍ ഗഫൂറിന് പുറമെ, കോയ്യോട് സ്വദേശി അഫ്സല്, ഭാര്യ ബള്‍ക്കീസ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. റിമാന്‍ഡിലായിരുന്ന നിസാമിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മറ്റ് രണ്ടുപേരും ജയിലിലാണ്. ഒരു ഗ്രാം എം.ഡി.എം.എ. 1500 രൂപക്കാണ് ആവശ്യക്കാര്‍ക്ക് വിറ്റിരുന്നതെന്ന് നിസാം പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.