കോട്ടയം: സാംസ്കാരിക മന്ത്രി സജി ചെറിയാന്‍റെ വീട് സംരക്ഷിക്കാനായി കെ. റെയിൽ അലൈൻമെന്‍റിൽ മാറ്റം വരുത്തിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുളക്കുഴ ഗ്രാമപഞ്ചായത്തിൽ അലൈൻമെന്‍റ് രണ്ട് കിലോമീറ്റർ ഇടത്തേക്ക് മാറ്റി. എന്തിനാണ് അലൈൻമെന്‍റ് മാറ്റിയതെന്ന് കെ. റെയിൽ വ്യക്തമാക്കണം. ഇക്കാര്യത്തിൽ മന്ത്രി സജി ചെറിയാന് താൽപര്യമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
2021 ഡിസംബർ 20ന് വെബ്സൈറ്റിൽ കൊടുത്ത കെ. റെയിൽ മാപ്പിലെ അലൈൻമെന്‍റിൽ നിന്ന് 1956 മീറ്ററോളം മാറിയിട്ടുണ്ട്. ഈ മാറ്റത്തിലൂടെ ആർക്കെല്ലാം ഗുണവും ദോഷവും ഉണ്ടാകുമെന്ന് അധികൃതർ വിശദീകരിക്കണം. കെ. റെയിലിനെ കുറിച്ച് കടന്നുകയറി അഭിപ്രായ പ്രകടനം നടത്തിയതിലൂടെയാണ് മന്ത്രി സജി ചെറിയാൻ വിഷയത്തിലേക്ക് വരുന്നത്. മന്ത്രി ആരോപണം രാഷ്ട്രീയമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
അലൈൻമെന്‍റിൽ മാറ്റം വരുത്തിയ വിവരം എന്തുകൊണ്ട് നാട്ടുകാരോട് പറഞ്ഞില്ല. നാട്ടുകാർക്ക് അക്കാര്യം അറിയണ്ടേ? അലൈൻമെന്‍റിൽ 10 അടി മാറിയാൽ പോലും അതിന്‍റേതായ പ്രതിഫലനമുണ്ടാകും. സമാനരീതിയിൽ പല സ്ഥലങ്ങളിലും അലൈൻമെന്‍റ് മാറ്റിയിട്ടുണ്ട്. ആദ്യ ആരോപണത്തിൽ സംസ്ഥാന സർക്കാർ മറുപടി പറയുന്നതിനായി കാത്തിരിക്കുകയാണ്. മറുപടിക്കനുസരിച്ച് മറ്റ് അലൈൻമെന്‍റുകൾ മാറ്റിയത് സംബന്ധിച്ച് വെളിപ്പെടുത്തുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.