കൊച്ചി: നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ തന്നെ കുടുക്കിയതിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിപ്പെടുത്തി അഞ്ജലി റീമാദേവ് രംഗത്ത്. ഒരു എംഎൽഎയുടെ ഭാര്യ ഉൾപ്പെടെ ആറുപേരാണ് പിന്നിൽ പ്രവർത്തിച്ചത്. ഇവരുടെ കള്ളപ്പണമിടപാടിനെ എതിർത്തതാണ് തന്നോടുള്ള ശത്രുതയ്‌ക്കുള്ള പ്രധാന കാരണമെന്നും അവർ പറയുന്നു.
അധികം വൈകാതെ അവരുടെ പേര് പുറത്തു പറയുമെന്നും അഞ്ജലി വെളിപ്പെടുത്തി.വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്‌സോ കേസ് എടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്.കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റീമാ ദേവ്.