മലപ്പുറം: മങ്കട ഏലച്ചോലയില്‍ അസം സ്വദേശിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. ഭര്‍ത്താവ് അസം ബൊങ്കൈഗാവോണ്‍ ജില്ലയിലെ മണിക്പുര്‍ ലൂംഝാര്‍ സ്വദേശി ചാഫിയാര്‍ റഹ്മാനെ (33) പോലീസ് അറസ്റ്റ്ചെയ്തു. ഭാര്യ ഹുസ്നറ ബീഗത്തെ (28) മാര്‍ച്ച് എട്ടിനാണ് കൊലപ്പെടുത്തിയത്. വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം.
ചാഫിയാര്‍ റഹ്മാനെ പ്രത്യേക അന്വേഷണസംഘം അരുണാചല്പ്രദേശില്നിന്നാണ് പിടികൂടിയതെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസ് പറഞ്ഞു. ചൈന അതിര്‍ത്തിപ്രദേശമായ റൂയിങ് ജില്ലയിലെ ഒളിത്താവളത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
ആറുമാസമായി ഇവര്‍ ഏലച്ചോലയില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചു വന്നത്. അടുത്തിടെ ഭാര്യയുടെ ഫോണ്‍വിളികളും മറ്റും കൂടുതല്‍ സംശയത്തിനിടയാക്കി. ഇതേച്ചൊല്ലി ഭാര്യയുമായി വഴക്കിട്ടു. കുട്ടികള്‍ ഉറങ്ങിയതിനുശേഷം രാത്രി പതിനൊന്നോടെ ഭാര്യയെ ശ്വാസംമുട്ടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.