കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനു ശേഷം സമൂഹമാധ്യമങ്ങളില്‍ നിരവധി വ്യാജ പ്രചാരണങ്ങള്‍ സജീവമാണ്. മുസ്ലീം സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് അവയിൽ കൂടുതലും. അതിനിടെ മുസ്ലീം അഭയാര്‍ഥികളുടേത് എന്ന പേരില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. അറേബ്യന്‍ രാജ്യമായ ലെബനനില്‍ അഭയാര്‍ഥികളായെത്തിയ മുസ്ലീങ്ങളുടെ ചിത്രം എന്ന പേരിലാണ് ഇത് പങ്കുവയ്ക്കപ്പെടുന്നത്. ‘മതേതര മലയാളികളുടൈ അറിവിലേക്കായി ലെബനോന്‍ 1975 വരെ 65% കൃസ്ത്യന്‍ ഭൂരിപക്ഷമായ മതേതര ജനാധിപത്യ രാജ്യമായിരുന്നു’ എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് ലെബനനില്‍ എത്തിയ മുസ്ലീം അഭയാര്‍ഥികളല്ല.
ചിത്രം ഗൂഗിളിൽ പരിശോധിച്ചപ്പോൾ നിരവധി മാധ്യമങ്ങള്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ചിത്രം ലെബനനിലേതല്ല മറിച്ച് അല്‍ബേനിയയില്‍ നിന്ന് ഇറ്റലിയിലെത്തിയ അഭയാര്‍ഥികളുടേതാണെന്ന് മനസിലായി. 20,000 അല്‍ബേനിയക്കാരുമായി ഇറ്റലിയിലെ ബാരിയിലേക്ക് പുറപ്പെട്ട വ്ലോറ എന്ന കപ്പലിനെപ്പറ്റി വന്ന വാർത്തയിലും ഈ ചിത്രം കാണാം. മറ്റൊരു സുപ്രധാന വിവരം സിറയയുടെ അയല്‍രാജ്യമാണ് ലെബനന്‍. അതുകൊണ്ടു തന്നെ പലായനം ചെയ്യുന്ന ജനത ഇത്തരത്തില്‍ കൂറ്റന്‍ കപ്പലില്‍ വന്ന് ഇറങ്ങേണ്ട ആവിശ്യമില്ല. ആഞ്ചു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ കടന്നു പോകാന്‍ സാധിക്കും. സിറിയയും ലെബനനും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു. ലെബനന്‍ ജനതയ്ക്ക് സിറിയന്‍ അധിനിവേശം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും വിവിധ മതവിഭഗങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തോടെ ലെബനനില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സുന്നി-ഷിയാ വിഭാഗങ്ങളിലുള്ള മുസ്ലീം ജനസംഖ്യ കൂടുതല്‍ ഉണ്ടെങ്കിലും ലെബനന്‍ ഒരു ഇസ്ലാം രാഷ്ടമല്ല. അതായത് 1975ന് ശേഷം ലെബനന്‍ മുസ്ലീം രാഷ്ട്രമായി മാറിയെന്ന പോസ്റ്റിലെ വാദവും തെറ്റിദ്ധരിപ്പിക്കുന്നതാണ്.