ആലുവ: ആലുവ മണപ്പുറത്ത് കച്ചവടത്തിനെത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകരയിൽ താമസിക്കുന്ന ദിലീപാണ് (42) മരിച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ രാജുവും സലീമും ചേർന്നാണ് ദിലീപിനെ ക്രൂരമായി മർദ്ദിച്ചത്.
ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. സംഭവത്തിൽ ആലുവ ഓൾഡ് ദേശം റോഡിലെ മാളിയേക്കൽ സലിം (57), കടവന്ത്ര ഉദയ്നഗർ കോളനിയിൽ താമസിക്കുന്ന രാജ്കുമാർ (രാജു-68) എന്നിവരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളും പ്രതികളും തമിഴ്നാട് സ്വദേശികളാണ്.
മണപ്പുറത്ത് കുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽക്കുന്ന സ്റ്റാൾ നടത്തുന്ന സലീമിന്റെ സഹായികളായിരുന്നു രാജ്കുമാറും കൊല്ലപ്പെട്ട ദിലീപും. മൂവരും രാവിലെ മുതൽ മണപ്പുറത്തെ സ്റ്റാളിൽ ഇരുന്ന് മദ്യപിച്ചു. ഇതിനിടയിലുണ്ടായ തർക്കത്തിനിടെ രാജ് കുമാറിനെ ദിലീപ് മർദിച്ചതായി പറയുന്നു.
ദിലീപിന്റെ ബന്ധുവാണ് രാജു. പരിക്കേറ്റ ദിലീപിനെ ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാവാത്തതിനാൽ രക്തം വാർന്നായിരുന്നു മരണം.
കൊവിഡിന്റെ പശ്ചാത്തലത്തിൽ മണപ്പുറത്തെ നഗരസഭയുടെ സ്ഥലത്ത് വാണിജ്യമേളയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല. എന്നിട്ടും ഇവർ അനധികൃതമായി കച്ചവടം നടത്തുകയായിരുന്നു. നഗരസഭയോട് ഇവരെ ഒഴിപ്പിക്കാൻ പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നഗരസഭ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.