തിരുവനന്തപുരം: 2020 – ലെ ഭാരത് ഭവൻ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ദേശീയ അന്തർ ദേശീയ സർഗ്ഗാനുഭവം മലയാള വായനയുടെ ഭാവ മണ്ഡത്തിലേക്ക് സന്നിവേശിപ്പിച്ച പരിഭാഷകനായ ഡോ.ആർസു (ആർ.സുരേന്ദ്രൻ) 2020 – ലെ ഭാരത് ഭവൻ വിവർത്തന രത്‌ന സമഗ്ര സംഭാവനാ പുരസ്‌ക്കാരത്തിന് അർഹനായി. വിവർത്തനത്തിന് സർഗ്ഗാത്മകതയുടെ ചാരുതയും വിശ്വ മാനവീകതയുടെ സമഗ്ര ശോഭയും പകർന്നു തരാൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാള ഭാഷയുടെയും ഭാവനയുടെയും ആത്മ സത്ത ദേശീയവും അന്തർദേശീയവുമായ തലത്തിൽ പ്രസരിപ്പിക്കുകയും, വിവിധ ഇന്ത്യൻ ഭാഷകളിലെ സർഗ്ഗ രചനകളെ മലയാളിക്ക് പരിചയപ്പെടുത്തുകയും ചെയ്തു ഡോ. ആർ.സു.
ബാനു മുഷ്താഖിന്റെ നോവലെറ്റുകൾ എന്ന കൃതിയുടെ വിവർത്തനമാണ് പയ്യന്നൂർ കുഞ്ഞിരാമനെ 2020-ലെ ഭാരത് ഭവൻ വിവർത്തന രത്‌ന പുരസ്‍കാരത്തിനു അർഹനാക്കിയത്. പരമ്പരാഗത സർഗ്ഗ വഴികളിൽ നിന്നും വേറിട്ടു നടക്കുന്ന ബാനു മുഷ്താഖിനെ മലയാളത്തിലേക്ക് അതേ തീവ്രതയോടെ പരിഭാഷപ്പെടുത്തുകയായിരുന്നു പയ്യന്നൂർ കുഞ്ഞിരാമൻ. സർഗ്ഗാത്മക സാഹിത്യത്തിൽ ചിര പ്രതിഷ്ഠമായ കരുത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ് ബാനു മുഷ്താഖ്. സ്ത്രീ വിമോചനത്തിന്റെ ഹൃദയ ശബ്ദമായ ബാനുമുഷ്താഖിന്റെ രചനകൾ അതിന്റെ ശക്തിയും സൗന്ദര്യവും ഒട്ടും ചോർന്നു പോകാതെ അനുഭവവേദ്യമാക്കുന്നു പരിഭാഷകൻ.
ഇന്ത്യൻ സാഹിത്യത്തിലെ നിതാന്ത വിസ്മയമായ ഗീതാഞ്ജലിക്ക് നിരവധി ഭാഷാന്തരങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഓരോ പുതു വായനയും പുതിയ ഭാഷയും സംസ്ക്കാരവും ആവിഷ്ക്കരിക്കുന്നു. മലയാളത്തിലെ ശ്രദ്ധേയയായ എഴുത്തുകാരി ശ്രീമതി. റോസി തമ്പി ഗീതാഞ്ജലി പരിഭാഷയിലൂടെ മലയാള കവിതയിൽ ഒരു പുതിയ ഭാവലോകം അടയാളപ്പെടുത്തുന്നു. ആ സർഗ്ഗാത്മക ചൈതന്യം ഗീതാഞ്ജലി പരിഭാഷയെ ആഹ്ളാദകരമായ അനുഭവമാക്കുന്നു. ലളിതവും മനോഹരവും സുതാര്യവുമായ ഈ പരിഭാഷ റോസി തമ്പിയുടെ ‘ഗീതാഞ്ജലി’ – വിവർത്തനത്തെ പ്രത്യേക ജൂറി പുരസ്‌ക്കാരത്തിന് അർഹയാക്കി.
30,001.00 രൂപയും (മുപ്പത്തിനായിരത്തി ഒരു രൂപയും) ഫലകവും പ്രശസ്തി പത്രവും അടങ്ങുനന്നതാണ് സമഗ്ര സംഭാവനാ പുരസ്ക്കാരം. 25,000 (ഇരുപത്തി അയ്യായിരം രൂപ) രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് വിവർത്തനരത്‌ന പുരസ്ക്കാരം. വിവർത്തന രത്‌നം സ്പെഷ്യൽ ജൂറി പുരസ്‌ക്കാര ജേതാവിന് പതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തി പത്രവും സമ്മാനിക്കും.