ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധരടങ്ങുന്ന സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ . മേൽനോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതെന്നും കേരളം സമർപ്പിച്ച സത്യവാങ് മൂലത്തിൽ കുറ്റപ്പെടുത്തി. തമിഴ്നാട് സമയം ആവശ്യപ്പെട്ടതിനാൽ മുല്ലപ്പെരിയാർ ഹർജികളിൽ അന്തിമവാദം കേൾക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി .
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമ വാദം ഇന്ന് കേൾക്കാനിരിക്കെയാണ് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. അണക്കെട്ടിൻറെ സുരക്ഷാ പരിശോധന നടത്തണെമെന്നും പരിശോധന സമിതിയിൽ അന്താരാഷ്ട വിദഗ്ധരെയും ഉൾപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടു. . 2010 -11 കാലത്ത് നടന്ന സുരക്ഷ പരിശോധനക്ക് ശേഷം കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിച്ചു. അണക്കെട്ട് ഉൾപ്പെടുന്ന മേഖലയിൽ പ്രളയും ഭൂചലനവും ഉണ്ടായത് സുരക്ഷയെ ബാധിച്ചിട്ടുണ്ട്. അതിനാൽ 2018 ലെ അണക്കെട്ട് സുരക്ഷ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.