അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി വന്നതിന് തൊട്ടുപിന്നാലെ മാസങ്ങളായി മരവിപ്പിച്ച് വെച്ചിരുന്ന ഇന്ധന വില കൂട്ടിത്തുടങ്ങി. പെട്രോൾ, ഡീസൽ വിലവർധനവിന് പിന്നാലെ പാചക വാതകത്തിനും വിലകൂട്ടി. പെട്രോൾ വിലയിൽ വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടർ വിലയിലും വർധനവ് രേഖപ്പെടുത്തി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ സിലിണ്ടറിന് 956 രൂപയാണ് വില.
അതേസമയം നവംബർ നാലിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് ഡീസൽ ലിറ്ററിന് 92.59 രൂപയും പെട്രോളിന് 105.34 രൂപയുമാണ് പുതിയ വില. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പാണ് രാജ്യത്ത് എണ്ണവിലയിൽ വർധനവ് ഉണ്ടായത്. പിന്നീട് യുക്രെയ്ൻ-റഷ്യ യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നെങ്കിലും രാജ്യത്ത് അതിന്റെ പ്രതിഫലനമുണ്ടായില്ല.