ക്യാമ്പസുകൾ തുറന്നതിന് പിന്നാലെ കോളേജ് യൂണിയൻ ഇലക്ഷനുകളും നടന്നു. ഇതിനെത്തുടർന്ന് പലസ്ഥലങ്ങളിലും വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഏറ്റുമുട്ടലും മറ്റ് സംഘർഷങ്ങളും ഉടലെടുത്തു. തിരുവനന്തപുരം ലോ കോളേജിൽ കെഎസ്‌യു വനിതാ നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുന്ന വീഡിയോ കൂടി പുറത്തുവന്നതോടെ ക്യാമ്പസുകളിലെ അക്രമരാഷ്ട്രീയം വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചു. ഫെബ്രുവരിയിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ നടന്ന എസ്എഫ്ഐ-എഐഎസ്എഫ് വിദ്യാർഥി സംഘത്തിന്റെ വീഡിയോ എന്നപേരിൽ ചില ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “തൃശൂർ ജില്ലാ ആശുപത്രിയിൽ SFI – AISF സംഘർഷം കോളേജിൽ തുടങ്ങിയ സംഘർഷമാണ് ആശുപത്രിയിലേക്ക് വ്യാപിച്ചത്,” എന്നുള്ള കുറിപ്പിനൊപ്പം ആണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ പോസ്റ്റിലെ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ കൊല്ലത്തെ ശാസ്താംകോട്ടയിൽ നടന്ന സംഘർഷത്തിന്റേതാണ്.
വീഡിയോയിൽ സംഘർഷം നടന്ന ചുറ്റുപാടിന് ഒരു ക്യാമ്പസ് അന്തരീക്ഷത്തിനേക്കാൾ ആശുപത്രിയുടേതിനോടാണ് കൂടുതൽ സാമ്യമുണ്ടായിരുന്നത്. സംഭവസ്ഥലത്ത് പല പ്രായപരിധിയിൽപ്പെട്ട ആളുകൾ ഇരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഫെബ്രുവരി 17നാണ് തൃശ്ശൂരിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഏറ്റുമുട്ടിയത്തിന്റെ വാർത്താ റിപ്പോർട്ടുകൾ വന്നത്. ഒല്ലൂർ വൈലോപ്പിള്ളി കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇവരെ കാണാൻ സംഘടനയുടെ നേതാക്കൾ ആശുപത്രിയിലെത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആശുപത്രിയുടെ മുന്നിൽ നിന്നും എഐഎസ്എഫ് നേതാക്കളെന്ന് തോന്നിക്കുന്ന ചിലരെ പോലീസ് ബലംപ്രയോഗിച്ച് വാഹനത്തിലേക്ക് കയറ്റുന്ന വീഡിയോ പല ദൃശ്യമാധ്യമങ്ങളിലും നൽകിയിരുന്നു. എന്നാൽ ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന വീഡിയോ മാധ്യമ റിപ്പോർട്ടുകളിൽ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ, കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലും വിദ്യാർത്ഥി സംഘർഷം ഉണ്ടായതായി കണ്ടെത്താനായി.
ഫെബ്രുവരി 15നായിരുന്നു കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ക്യാമ്പസുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. ശാസ്താംകോട്ട ഡിബി കോളേജിൽ കെഎസ് യുവിനായിരുന്നു വിജയം. ഇതിനെത്തുടർന്ന് കോളേജിൽ എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ തങ്ങളുടെ വനിതാ പ്രവർത്തകർക്കടക്കം പരിക്കേറ്റിരുന്നു എന്നായിരുന്നു എസ്എഫ്ഐയുടെ വാദം. പരിക്കേറ്റ എസ്എഫ്ഐയുടെ വനിതാ നേതാവിനെ ചുമന്നുകൊണ്ട് പോകുന്ന പ്രവർത്തകരുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുശേഷമാണ് കോളേജിലെ സംഘർഷം പുറത്തേക്ക് വ്യാപിച്ചത്. അടുത്തടുത്ത ദിനങ്ങളിൽ ഉണ്ടായ സംഘർഷം ആയതുകൊണ്ടാവാം തെറ്റായ വിവരങ്ങളോടൊപ്പം വീഡിയോ പലരും പങ്കുവയ്ക്കാൻ കാരണമായത്. എങ്കിലും, തൃശ്ശൂർ ജില്ലാ ആശുപത്രിയിലുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷത്തിൻറെ വീഡിയോ എന്ന പേരിൽ പലരും പങ്കുവെച്ചത് കൊല്ലത്ത് ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൻറെ വീഡിയോ ആണെന്ന് വ്യക്തമാണ്.