തിരുവനന്തപുരം: സിപിഐഎം സെമിനാറില്‍ പങ്കെടുക്കാനിരുന്നതിന്റെ കാരണങ്ങള്‍ നിരത്തി ന്യായീകരണവുമായി ശശി തരൂര്‍. സിപിഐഎം സെമിനാറില്‍ പങ്കെടുത്തെങ്കില്‍ ബിജെപി വിരുദ്ധ കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിച്ചേനെയെന്നും തരൂര്‍ പറഞ്ഞു.
സിപിഐഎം ദേശീയ സമ്മേളനത്തിനാണ് ക്ഷണിച്ചത്. അതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലായിരുന്നു. ദേശീയതലത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സമ്മേളനത്തിനും ക്ഷണമുണ്ടായിരുന്നു. അന്ന് ആരും വിവാദമാക്കിയില്ല. സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സിപിഐഎമ്മിനെ അറിയിച്ചതായും തരൂര്‍ പറഞ്ഞു.
കെപിസിസി നേതൃത്വത്തിൻ്റെ വികാരം മാനിച്ച് സെമിനാറിൽ പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധിയാണ് തരൂരിനോടും കെ.വി.തോമസിനോടും നിർദേശിച്ചത്. ഈ സാഹചര്യത്തിലാണ് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് തരൂർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും പാർട്ടി തന്നെ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ എഐസിസി നേതൃത്വവുമായി ആലോചിച്ച് താൻ ആ പരിപാടിയിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും തരൂർ പത്രപ്രസ്താവനയിൽ പറയുന്നു. സമാനരീതിയിൽ ഇക്കുറിയും വിവാദങ്ങളില്ലാതെ വിഷയം അവസാനിപ്പിക്കാമായിരുന്നുവെങ്കിലും ചില കേന്ദ്രങ്ങൾ വിഷയം വിവാദമാക്കി മാറ്റിയെന്നും സിപിഎം പാർട്ടി കോണ്ഗ്രസ് സെമിനാറിൽ നിന്നും വിട്ടു നിൽക്കുന്നതായുള്ളപ്രസ്താവനയിൽ തരൂർ പറയുന്നു
വിലക്ക് സംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിൻറെയും കെവി തോമസിന്‍റെയും പ്രതികരണം. തുടർന്നാണ് സെമിനാറിൽ പങ്കെടുക്കാൻ അനുവാദം തേടി ഇരുവരും കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചത്.
കണ്ണൂരിൽ നടക്കുന്ന ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിലേക്കാണ് സിപിഎം, മുതിർന്ന കോൺഗ്രസ് നേതാക്കളായ കെവി തോമസ്, ശശി തരൂർ എന്നിവരെ ക്ഷണിച്ചത്. ഇക്കാര്യം ഇരു നേതാക്കളെയും അറിയിച്ചെങ്കിലും ഹൈക്കമാൻഡ് സ്വീകരിക്കുന്ന തീരുമാനം അംഗീകരിക്കാം എന്ന നിലപാട് ആണ് ശശി തരൂർ എംപി സ്വീകരിച്ചത്.