തിരുവനന്തപുരം: സംസ്ഥാനത്ത് കെ- റെയിൽ പദ്ധതിക്ക് വേണ്ടി സാമൂഹികാഘാത പഠനം നടത്താൻ സ്ഥാപിക്കുന്ന കല്ലുകൾ പിഴുതുമാറ്റുമെന്ന പ്രഖ്യാപനവുമായി ബിജെപി. പദ്ധതിക്കെതിരായ സമരത്തെ അടിച്ചമർത്താൻ നോക്കിയാൽ പദ്ധതി കടന്നുപോകാത്ത സ്ഥലങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കി.
യുഡിഎഫിനൊപ്പം ചേർന്ന് സമരം ചെയ്യില്ല. സ്വന്തം നിലയിൽ സമരം നടത്തി വിജയിപ്പിക്കാൻ ബിജെപിക്ക് സാധിക്കും. സമരം കൂടുതൽ ശക്തമാക്കും. കേരളത്തിനെ കടക്കെണിയിലാക്കുന്ന, പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതിക്കെതിരാണ് വിദഗ്ധരെല്ലാം. സമരത്തിന്റെ നേതൃത്വം ബിജെപി എറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ-റെയിലിനെ അനുകൂലിച്ച ബിജെപി അംഗമായ മുൻ ഡിജിപി ജേക്കബ് തോമസിന്റെ അഭിപ്രായം സുരേന്ദ്രൻ തള്ളി. ഏത് പദ്ധതി വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്നും കെ-റെയിൽ വരുന്നത് കേരളത്തിന് ഗുണകരമാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. കെ-റെയിൽ പദ്ധതി സംസ്ഥാനത്ത് എത്തിയാൽ ഇവിടെ തൊഴിലവസരവും വ്യവസായവും വർദ്ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയ സമയത്ത് പലരും കാര്യങ്ങൾ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നാണ് കെ.സുരേന്ദ്രന്റെ മറുപടി. കെ-റെയിൽ കേരളത്തിന് ഗുണമല്ല ദോഷമേ ഉണ്ടാക്കുവെന്നും അദ്ദേഹം പറഞ്ഞു.