കൊച്ചി: നമ്പർ 18 ഹോട്ടൽ പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമ റോയ് വയലാട്ടിനും കൂട്ടാളി സൈജു തങ്കച്ചനും ജാമ്യം ലഭിച്ചു. എറണാകുളം പോക്‌സോ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.പീഡന കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. ഡിജെ പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് റോയ് വയലാട്ടിനെതിരെ പൊലീസ് കേസ് എടുത്തിരുന്നത്.
പതിനേഴുകാരിയായ മകളെ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്ന് കോഴിക്കോട് സ്വദേശിനി പരാതി നൽകിയിരുന്നു.കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. പീഡന ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർന്ന് മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞിരുന്നു. മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയ് വയലാട്ടും സൈജു തങ്കച്ചനും പ്രതികളാണ്.