കൊച്ചി: വധഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിൻറെ (Dileep) ഫോണിലെ വിവരങ്ങൾ മായിച്ചുകളയാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായ് ശങ്കറിൻറെ (Sai Shankar) അക്കൌണ്ടുകൾ പരിശോധിക്കുന്നു. ദിലീപിൽ നിന്ന് ഇയാൾ എത്ര തുക കൈപ്പറ്റിയെന്ന് കണ്ടെത്താനാണ് പരിശോധന. സായിയുടെ ഹോട്ടൽ ബില്ലുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. 12 ,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് താമസിച്ചിരുന്നത്. ഉച്ചയൂണിന് ചെലവഴിച്ചത് 1700 രൂപയാണ്.
കോഴിക്കോട്ടെ വ്യവസായിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലും സായ് ശങ്കറിനെതിരെ അന്വേഷണം ആരംഭിച്ചു. കടം നൽകിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് സായ് ശങ്കർ വ്യവസായി മിൻഹാജിനെതിരെ ഭീഷണിമുഴക്കിയത്. യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കാനും സായ് ശ്രമിച്ചു.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിലെ പ്രധാന തെളിവായിരുന്നു ദിലീപിൻറെ ഫോണുകൾ. ഫോണുകൾ കോടതിയ്ക്ക് കൈമാറുന്നതിന് മുൻപ് സ്വകാര്യ ഹാക്കർ സായ് ശങ്കറിൻറെ സഹായത്തോടെ വിവരങ്ങൾ നശിപ്പിച്ചെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ദിലീപിൻറെ ഐ ഫോൺ സായ് ശങ്കറിൻറെ ഐമാക് കംപ്യൂട്ടറിൽ ഘടിപ്പിച്ചായിരുന്നു തെളിവ് നീക്കിയത്. ഈ ഐമാകിൽ ലോഗിൻ ചെയ്തത് ഭാര്യ എസ്സയുടെ ഐഡി വഴിയാണ്. ഇക്കാര്യത്തിൽ കൂടുതൽ തെളിവ് ശേഖരിക്കാൻ എസ്സയെ ചോദ്യം ചെയ്തിരുന്നു. തൻറെ ഐഡി ഉപയോഗിച്ച് സായ് ഐമാക് ഉപയോഗിച്ചിരിക്കാമെന്നാണ് എസ്സ മറുപടി നൽകിയത്.