തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ക്ലബിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ എത്തിയ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഭർത്താവിനൊപ്പം ക്ലബിൽ എത്തിയ യുവതിക്കാണ് ക്ലബ് ജീവനക്കാരനിൽ നിന്ന് അതിക്രമം നേരിടേണ്ടി വന്നത്. ഇത് ചോദ്യം ചെയ്ത യുവതിയെയും ഭർത്താവിനെയും ജീവനക്കാർ കയ്യേറ്റം ചെയ്യുകയും ചെയ്‌തു. സംഭവത്തിൽ യുവതി പരാതി നൽകിയിട്ടുണ്ട്.
ഞായാറാഴ്ച ഭക്ഷണം കഴിക്കാൻ യുവതി ക്ലബിൽ ഇരിക്കുമ്പോഴാണ് സംഭവം. മറ്റൊരു ദമ്പതികളുടെ ഗസ്റ്റ് ആയി ക്ലബിൽ എത്തിയതായിരുന്നു ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയും ഭർത്താവും. ഇതിനിടെ പ്രകാശ് എന്ന പേരുള്ള ക്ലബ് ജീവനക്കാരൻ യുവതിയോട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ലൈംഗിക ചുവയോടെയുള്ള ആംഗ്യവിക്ഷേപം നടത്തുകയായിരുന്നു. ഇവർ ഇരുന്നിരുന്ന ടേബിളിന് എതിർവശത്ത് നിന്നായിരുന്നു ഇയാൾ ഇത്തരത്തിൽ പെരുമാറിയത്.
യുവതി ഇക്കാര്യം ഭർത്താവിനെ അറിയിച്ചതിനെ തുടർന്ന് ഭർത്താവ് ഇത് ചോദ്യം ചെയ്തപ്പോൾ ജീവനക്കാരൻ വീണ്ടും തട്ടിക്കേറുകയും ഇവരെ പിടിച്ച് തള്ളുകയും ചെയ്‌തു. കയ്യേറ്റം ചെയ്യാൻ മറ്റു ജീവനക്കാരും കൂടെ ഉണ്ടായിരുന്നതായാണ് വിവരം.
സംഭവത്തിൽ, നിലവിൽ ക്ലബ് സെക്രട്ടറിക്ക് യുവതി പരാതി എഴുതി നൽകിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ദൃക്‌സാക്ഷികളായി ഉണ്ടായിരുന്നവരുടെ പേരുൾപ്പെടെ യുവതി നൽകിയ പരാതിയിലുണ്ട്. വിഷയത്തിൽ അടിയന്തിര നടപടി ക്ലബിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ വൈകാതെ പോലീസിനെ സമീപിക്കുമെന്നാണ് വിവരം.