ഒരു സ്ത്രീ നടത്തുന്ന കരിമ്പ് ജ്യൂസ് കടയിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിക്കുന്ന ആളെ രണ്ട് സ്ത്രീകൾ ചേർന്ന് നേരിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ‘നോക്കി നിൽക്കുകയല്ല ഇടപെടുകയാണ്’ എന്ന കുറിപ്പിനൊപ്പം ആണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ പോസ്റ്റിലെ ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് യഥാർത്ഥ സംഭവം അല്ല. അവബോധത്തിനായി നിർമ്മിച്ച ഫൂട്ടേജ് ആണ് യഥാർത്ഥ സംഭവം എന്നപേരിൽ പലരും പങ്കുവെക്കുന്നത്. ഒരു സ്ത്രീ നടത്തുന്ന കരിമ്പ് ജ്യൂസ് കടയിൽ ബുർഖ ധരിച്ച രണ്ട് സ്ത്രീകൾ എത്തുന്നു. അതേസമയം തന്നെ മദ്യപിച്ച് ലക്കുകെട്ട ഒരാളും കടയിൽ വരുന്നു. കടക്കാരി മറ്റ് സ്ത്രീകളുടെ സംസാരിക്കുന്ന തക്കം മുതലാക്കി പണപ്പെട്ടിയിൽ നിന്ന് മദ്യപൻ കാശ് അപഹരിക്കാൻ ശ്രമിക്കുന്നു. ഇത് ശ്രദ്ധയിൽപ്പെടുന്ന കടക്കാരി ഇയാളെ തടയാൻ ശ്രമിക്കുമെങ്കിലും അയാളെ ശാരീരികമായി എതിരിട്ട് നിൽക്കാൻ സാധിക്കുന്നില്ല. തുടർന്ന് ജ്യൂസ് കുടിച്ചുകൊണ്ടിരുന്ന സ്ത്രീകൾ ചേർന്ന് പുരുഷനെ നേരിടുകയും മാപ്പ് പറയിക്കുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FgirlsCornerByGenmice%2Fvideos%2F276496771286530%2F&show_text=0&width=476
വീഡിയോയിലെ പലഭാഗത്തും നാടകീയത കാണാനാകും. ഇതിന്റെ അടിസ്ഥാനത്തിൽ വീഡിയോയുടെ ലോഗോ അടക്കം പരിശോധിച്ചു. ഫേസ്ബുക്കിൽ ‘ഗേൾസ് കോണർ’ എന്ന പേരിൽ ഒരു പേജ് ഉള്ളതായി കണ്ടെത്തി. സ്ത്രീ ശാക്തീകരണത്തിനും ഉദ്‌ബോധത്തിനുമായി വീഡിയോകളും മറ്റ് കണ്ടന്റ്കളും നിർമ്മിക്കുന്ന പേജാണ് ‘ഗേൾസ് കോണർ’. തുടർന്നുള്ള തിരച്ചിലിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ഫെബ്രുവരി പതിനാറാം തീയതി പേജിൽ അപ്ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്താൻ സാധിച്ചു. ബുദ്ധിമുട്ടേറിയ സന്ദർഭങ്ങൾ കൈകാര്യം ചെയ്യുന്നതിന് സ്ത്രീകൾക്ക് ആവശ്യമായ അവബോധം നൽകുന്നതിനായി തയ്യാറാക്കിയ വീഡിയോയാണിത് എന്ന് ഇതിൽ നിന്നും മനസിലായി.