തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ തള്ളി പ്രൊഫ. കെ.വി. തോമസ്. പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണെന്ന് കെ.വി. തോമസ് പറഞ്ഞു
സോണിയ ഗാന്ധിയോടും താരിഖ് അൻവറിനോടും അഭിപ്രായം തേടിയിട്ടുണ്ട്. അവർ തീരുമാനിക്കട്ടെ. ദേശീയ പ്രാധാന്യമുള്ള വിഷയമാണ് സെമിനാറിലെ വിഷയം. ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാർ നടക്കുന്നതെന്നും തോമസ് പറഞ്ഞു.
ബിജെപിയെ കോൺഗ്രസിന് തനിച്ച് നേരിടാനാകില്ല. ബിജെപിയെ നേരിടാൻ സിപിഎം, സിപിഐ, ഡിഎംകെ എന്നിവയുടെ ഒക്കെ സഹായം വേണം. ദേശീയതലത്തിൽ സിപിഎമ്മും കോൺഗ്രസും ഒന്നിച്ചാണ് പോകുന്നത്. സംസ്ഥാന സമ്മേളനത്തിലേക്കല്ല അവർ ക്ഷണിച്ചതെന്നും തോമസ് പറഞ്ഞു.
അതേസമയം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കാര്യം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി സംസാരിക്കുമെന്ന് ഡോ. ശശി തരൂര്‍ എം.പി വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കും. ഇപ്പോള്‍ വിവാദത്തിനില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാക്കുകളെ ബഹുമാനത്തോടെ കാണുന്നുവെന്നും തരൂര്‍ പറഞ്ഞു.