തിരുവനന്തപുരം : ഭർത്താവിന്റെ മരണവിവരമറിഞ്ഞ് അവിടേക്ക് പോയ യുവതിയും സഹോദരിയും കാറിടിച്ചു മരിച്ചു. വാഴമുട്ടം തിരുവല്ലം ബൈപ്പാസിൽ റോഡുമുറിച്ചു കടക്കവേയാണ് പനത്തുറ ജി.ജി. കോളനിയിൽ താമസിക്കുന്ന ഐശ്വര്യ (32), ഇവരുടെ സഹോദരി ശാരിമോൾ (31) എന്നിവർ മരിച്ചത്.
ഐശ്വര്യ ആശുപത്രിയിലേക്കുള്ള മാർഗമധ്യേയും ശാരിമോൾ ചികിത്സയിരിക്കെ രാത്രി വൈകിയുമാണു മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. റോഡിൽ തെറിച്ചുവീണ ഇവരെ നാട്ടുകാരും ഹൈവേ പോലീസും ചേർന്നായിരുന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
അപകടത്തിൽ മരിച്ച ഐശ്വര്യയുടെ ഭർത്താവ് ശ്രീജി നെടുമങ്ങാടാണ് താമസിക്കുന്നത്. ഇദ്ദേഹം വീട്ടിൽ തൂങ്ങി മരിച്ചുവെന്നറിഞ്ഞായിരുന്നു ഐശ്വര്യയും ശാരിമോളും അവിടേക്കു പോകുന്നതിന് ബസ് കയറാനായി ബൈപ്പാസിലെത്തിയതെന്ന് സമീപവാസികൾ പറഞ്ഞു.