കോട്ടയം മാടപ്പള്ളിയിൽ കെ-റെയില്‍ സമരത്തിനെതിരെ നടന്ന പൊലീസ് നടപടിക്കെതിരെ ശക്തമായ വിമർഷനങ്ങൾ ഉയരുകയാണ്. അതിനിടയിൽ, 2021ലെ അസ്സംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അസ്വാരസ്വങ്ങള്‍ നിലനിന്ന സാഹചര്യത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി പുതുപ്പള്ളിയിലും ബിന്ദു കൃഷ്ണയ്ക്കു വേണ്ടി കൊല്ലത്തും സംസാരിച്ച വനിതാ പ്രവര്‍ത്തക ഒരാള്‍ തന്നെയാണെന്നും ഇവർത്തന്നെയാണ് കെ-റെയില്‍ വിരുദ്ധ സമരത്തിനെത്തിയത് എന്നും ആരോപിച്ച് മൂന്ന് വീഡിയോകൾ ചേർത്ത ഒരു പോസ്റ്റ് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയിലെ മൂന്ന് സ്ത്രീകളും വ്യത്യസ്ത വ്യക്തികളാണ്.
വീഡിയോയിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി പുതുപ്പള്ളിയില്‍ സംസാരിച്ചത് സൂസന്‍ ചാണ്ടി എന്ന പ്രവര്‍ത്തകയാണ്. ബിന്ദു കൃഷ്ണയ്ക്കു വേണ്ടി കൊല്ലത്ത് സംസാരിച്ചത് ബ്രിജിത് എന്ന പ്രവര്‍ത്തകയും. കെ-റെയിൽ വിഷയത്തിൽ പ്രതിഷേധിച്ച സ്ത്രീയെ വാർത്തകളിൽ വ്യക്തമായി കാണാം. ഇവർ കോട്ടയം തൃക്കൊടിത്താനം സ്വദേശിനിയായ വീട്ടമ്മയാണ്. പ്രക്ഷോഭത്തില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധത്തിൽ മൂന്നിലുണ്ടായ മറ്റുസ്ത്രീകളെ ചുവടെ നൽകിയിരിക്കുന്ന വീഡിയോ റിപ്പോർട്ടുകളിൽ കാണാൻ സാധിക്കും. ഇവരിൽ ആർക്കുംതന്നെ സൂസന്‍ ചാണ്ടിയും ബ്രിജിത്തുമായി യാതൊരു സാമ്യവുമില്ല. പ്രചാരത്തിലുള്ള വീഡിയോയിൽ കാണുന്ന സ്ത്രീകൾ വ്യത്യസ്ത വ്യക്തികളാണെന്ന് ഇതിനാൽ വ്യക്തമാണ്.