തിരുവനന്തപുരത്ത് 17 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ എക്സൈസിന്റെ വലയിൽ കുടുങ്ങി. കഴക്കൂട്ടത്തെ എസ് എഫ് എസ് ഫ്ലാറ്റിൽ നിന്നാണ് കഴക്കൂട്ടം സ്വദേശിയായ എച്ച്. അരുൺ ദാസിനെ പിടികൂടിയത്. സംഘത്തിലെ മറ്റൊരാളായ അൻസിൽ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ലഹരി വസ്തുക്കൾ ടെക്നോപാർക്കിലും വിവിധ ഫ്ലാറ്റുകളിലുമായി ചില്ലറ വിൽപന നടത്തിവരുകയായിരുന്നു സംഘം.
ലഹരിക്കടത്തും വിൽപനയും നടത്തുന്ന ഇവരുമായി ബന്ധപ്പെട്ട മറ്റുള്ളവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ എ. മുഹമ്മദ് റാഫി വ്യക്തമാക്കി.