നാലംഗ കുടുംബത്തിന്റെ കൊലപാതക വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് കേരളം. കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും മകന്റെ ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസൽ (ഷിബു), ഭാര്യ ഷീബ, മക്കളായ മെഹര്, അസ്ന എന്നിവർ രക്ഷപ്പെടാൻ യാതൊരു മാർഗവുമില്ലാതെ വെന്തു മരിച്ചത്. ഇടുക്കി ചീനിക്കുഴി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം സംഭവിച്ചത്. മകനെയും കുടുംബത്തെയും കൊലപ്പെടുത്താൻ 79 വയസ്സുകാരനായ ഹമീദ് നടത്തിയത് കൃത്യമായ ആസൂത്രണമായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഹമീദിന്റെ പേരിൽ 72 സെന്റ് സ്ഥലമുണ്ട്. ഇതിൽ കുറച്ചു ഭാഗം ഫൈസലിന് എഴുതിക്കൊടുത്തു. തന്നെ സംരക്ഷിക്കാത്തതിനാൽ ഈ സ്ഥലം തിരികെ വിട്ടുകൊടുക്കാൻ ഹമീദ് ആവശ്യപ്പെട്ടു. ഇതിനു ഫൈസൽ തയാറായില്ല. തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ഹമീദ് വീടിനു തീയിട്ടത്. ഇവർ തമ്മിൽ കുറച്ചു കാലമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂരകൊലക്ക് കാരണക്കാരനായ പ്രതി ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം മകനെയും കുടുംബത്തെയും കൊലപ്പെടുത്താൻ ഹമീദ് പെട്രോൾ നേരത്തെ കരുതിയിരുന്നു. മകനും കുടുംബത്തിനും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു ഇയാൾ കൃത്യം നടത്തിയത്. തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കും എന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടർ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാൻ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. തീ ഉയർന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാൽ കുടുംബം അഗ്നിക്കിരയാവുകയായിരുന്നു.
വളരെയധികം പേടിപ്പെടുത്തുന്ന രീതിയിലായിരുന്നു കൊലപാതകിയായ ഹമീദ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോഴും, തീ വയ്ക്കാൻ ഉപയോഗിച്ച പെട്രോൾ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക് വലിച്ചെറിയാൻ ഹമീദ് ശ്രമിച്ചു. നാട്ടുകാർ ചേർന്നാണ് ഹമീദിനെ പിന്തിരിപ്പിച്ചത്. വാതിലുകൾ പുറത്തുനിന്നു പൂട്ടിയെന്നു മനസ്സിലാക്കിയതോടെയാണ് കുട്ടികളിലൊരാൾ അയൽവാസിയായ രാഹുലിനെ ഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. രാത്രി 12.35 ഓടെയാണ് രാഹുലിന് ഫൈസലിന്റെ കുട്ടികളായ അസ്നയുടേയും മെഹ്റുവിന്റേയും ഫോൺ കോൾ വരുന്നത്. ‘ചേട്ട ഓടി വാ…രക്ഷിക്കൂ’ എന്നാണ് അവർ പറഞ്ഞത്. ഫൈസലിന്റെ അയൽവാസിയാണ് രാഹുൽ. അസ്നയും മെഹ്റുവും രാഹുലിന്റെ വീട്ടിൽ സ്ഥിരം കളിക്കാൻ പോകുമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരേയും സ്വന്തം മക്കളെ പോലെ കണ്ടിരുന്ന രാഹുലിനെ തന്നെയാണ് അപകടം സംഭവിച്ചപ്പോൾ ഇവർ ആദ്യം വിളിച്ചതും.
ഫോൺ കോളിന് പിന്നാലെ വീട്ടിൽ നിന്ന് രാഹുൽ പെട്ടെന്നിറങ്ങി ഓടിച്ചെന്നു. എന്നാൽ രാഹുൽ എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. അപ്പോഴും പുറത്തുനിന്നു കുപ്പിയിൽ പെട്രോൾ നിറച്ച് വീടിനകത്തേയ്ക്ക് ഹമീദ് എറിയുന്നുണ്ടായിരുന്നു. മുൻവശത്തെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. അത് ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോൾ കുടുംബമുള്ള കിടപ്പ് മുറിയും പൂട്ടിയ നിലയിലായിരുന്നു. കിടപ്പ് മുറിയുടെ വാതിലും ചവിട്ടി തുറന്നുവെങ്കിലും പെട്ടെന്ന് തീയാളി. ഫൈസലിന്റെ അച്ഛൻ ഹമീദ് ആ സമയത്ത് ജനലിലൂടെ വീണ്ടും പെട്രോൾ ഒഴിച്ചതാണ് തീ ആളികത്താൻ കാരണമായത്.
ആളിക്കത്തിയ തീയിൽ നിന്ന് രക്ഷപ്പെടാൻ കുടുംബം കുളിമുറിയിലേക്കാണ് ഓടിക്കയറിയത്. എന്നൽ ടാങ്കിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കി വിട്ടിരുന്നതിനാൽ കുളിമുറിയിൽ വെള്ളമുണ്ടായിരുന്നില്ല. മോട്ടർ അടിച്ച് വെള്ളം വരാതിരിക്കാൻ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. കൂടുതൽ പെട്രോൾ ഒഴിക്കുന്നതിൽ നിന്ന് ഹമീദിനെ പിന്തിരിപ്പിച്ചത് രാഹുലാണ്. ഒടുവിൽ തീയണച്ച് രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ശുചിമുറിയിൽ ഒളിച്ച നിലയിലാണ് കുടുംബത്തെ കണ്ടെത്തിയത്. മെഹറും അസ്നയും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. നേരം പുലർന്നപ്പോഴേക്കും ഒരു കുടുംബം ഇല്ലാതായെന്ന് വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ചീരക്കുഴി.
സംഭവത്തിൽ പ്രതി ഹമീദ് കുറ്റം സമ്മതിച്ചതായി എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത പറഞ്ഞു. കേസിൽ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ടെന്നും ഒരു കാരണവശാലും പ്രതി രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മകനെയും കുടുംബത്തെയും കത്തിച്ചു കൊന്ന പ്രതി ഹമീദിന് പൊലീസ് കസ്റ്റഡിയിലും ഒരു കൂസലുമില്ലാതെയാണ് ഇരുന്നത്. തനിക്ക് ജീവിക്കണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം. ഇതെ ചൊല്ലിയും ഹമീദ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മകൻ ഭക്ഷണം നൽകുന്നില്ല എന്ന് കാണിച്ച് മുൻപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വർഷങ്ങളായി അച്ഛൻ ഹമീദിന് മകനോടുളള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. സ്വത്ത് വീതിച്ചു നൽകിയപ്പോൾ ഉണ്ടാക്കിയ കരാർ പാലിക്കാത്തതും കൊലക്ക് കാരണമായെന്നാണ് ഹമീദിൻ്റെ മൊഴി. തൻ്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ഹമീദ് രണ്ട് ആൺ മക്കൾക്കുമായി വീതിച്ചു നൽകിയിരിക്കുന്നു. സംഭവം നടന്ന തറവാട് വീടും അതിനോട് ചേർന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. വാർധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ മകൻ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലി ആണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പൊലീസിനോട് പറഞ്ഞത്. ഭാര്യ മരിച്ചതിന് ശേഷം ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു താമസം. അടുത്ത കാലത്ത് തിരികെ എത്തിയ ശേഷം മക്കളുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു എന്ന് അയൽവാസികളും പറയുന്നു. വീട്ടിൽ നിരന്തരമുണ്ടാകുന്ന കലഹം കാരണം ഫൈസലും കുടുംബവും പുതിയ വീട് വച്ചിരുന്നു. ഇവിടേക്ക് താമസം മാറാനിരിക്കെയാണ് ഹമീദിൻ്റെ പകയിൽ ഇവർ എരിഞ്ഞടങ്ങിയത്.