ചെന്നൈ: വെറും അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചതിന് 102 വയസ്സുകാരന് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട്ടിലെ തിരുവള്ളൂർ മഹിളാ കോടതിയാണ് സെന്നീർക്കുപ്പം സ്വദേശിയായ കെ. പരശുരാമനെ ജയിലിൽ അടച്ചത്. തടവുശിക്ഷയ്ക്കു പുറമെ പിഴയും ഒടുക്കണം. സര്‍ക്കാര്‍ സ്കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചയാളാണ് പ്രതി കെ പരശുരാമന്.
2018 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സർക്കാർ സ്കൂളിൽ പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമൻ സ്വന്തം വീടിനടുത്ത് അഞ്ചുവീടുകൾ നിര്‍മിച്ച് വാടകയ്ക്ക് നൽകിയിരുന്നു. അതിലൊന്നിലെ താമസിക്കാരായിരുന്ന ദമ്പതികളുടെ മകളെയാണ് പ്രതി പീഡിപ്പിച്ചത്. പത്തുവയസ്സുള്ള പെൺകുട്ടിക്ക് വയറുവേദന വന്നപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായതായി ഒടുവിൽ കണ്ടെത്തിയത്.