തിരുവനന്തപുരം: കേരളത്തിലെ നഗരങ്ങളിലെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രെക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പദ്ധതിക്ക് വേണ്ടി ലോക ബാങ്കുമായും, എഐഐബിയുമായും സംസ്ഥാന സർക്കാർ ഒപ്പുവച്ച വായ്പാ കരാറിലെ എല്ലാ വ്യവസ്ഥകളും പൂർത്തീകരിച്ച സാഹചര്യത്തിൽ 2022 മാർച്ച എട്ടിന് പദ്ധതി പ്രാബല്യത്തിൽ വന്നിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
വായ്പയുടെ ആദ്യഘഡു അനുവദിക്കുന്നതടക്കമുള്ള പദ്ധതിയുടെ തുടർനടപടികൾക്ക് ഉടൻ വഴിയൊരുങ്ങും.കേരളത്തിലെ നഗരങ്ങളിലെ മാലിന്യ സംസ്കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിനും, ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. സംസ്ഥാനത്ത് ഇപ്പോൾ നടന്നുവരുന്ന മാലിന്യ പരിപാലന പ്രവർത്തനങ്ങൾക്ക് ഈ പദ്ധതി ഉത്തേജനം നൽകും. പദ്ധതി പൂർത്തീകരണത്തോടെ ഖരമാലിന്യ പരിപാലന രംഗത്ത് കേരളം പുതിയൊരു മാതൃക സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപറേഷൻ പരിധിയിലുമായി കഴിയുന്ന 75 ലക്ഷത്തോളം പേർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ആറ് വർഷ കാലയളവിൽ പൂർത്തിയാകുന്ന പദ്ധതിയുടെ അടങ്കൽ തുക 300 മില്യൺ യു എസ് ഡോളർ ആണ് (ഏകദേശം 2200 കോടി രൂപ). ഇതിൽ 105 മില്യൺ യു എസ് ഡോളർ ലോകബാങ്ക് വിഹിതവും 105 മില്യൺ യു എസ് ഡോളർ ഏഷ്യൻ ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (അകകആ) വിഹിതവുമാണ്. ബാക്കി തുകയായ 90 മില്യൺ യു എസ് ഡോളർ സംസ്ഥാന സർക്കാർ വിഹിതവുമാണെന്ന് മന്ത്രി വിശദീകരിച്ചു.
ഖരമാലിന്യ പരിപാലന രംഗത്തെ പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും സമഗ്രമായ പരിഹാരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരങ്ങളിലെ എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പൂർണമായ ഖരമാലിന്യ ശേഖരണം, ഖരമാലിന്യ പരിപാലന കേന്ദ്രങ്ങളുടെ വികസനം, പരമ്പരാഗത മാലിന്യ കേന്ദ്രങ്ങളിലെ മാലിന്യം പൂർണമായും സംസ്കരിച്ച് ഭൂമി വീണ്ടെടുക്കുക, സംസ്കരിക്കാനാകാത്ത ഖരമാലിന്യങ്ങളുടെ പരിപാലനത്തിനായി ലാൻഡ്ഫിൽ കേന്ദ്രങ്ങൾ നിർമിക്കുക, പുനരുപയോഗവും പുനചക്രമണവും സാധ്യമാക്കി മാലിന്യത്തിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണം തുടങ്ങിയവ പദ്ധതിയിലൂടെ ഉറപ്പാക്കും. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള ഖരമാലിന്യ പരിപാലനത്തിന് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും പ്രദേശത്തിന്റെ പ്രതേകതകൾക്കനുസരിച്ച് സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇതിനായി ആവശ്യമുള്ള സാങ്കേതിക പിന്തുണ, സാങ്കേതിക വിദഗ്ധരുടെ സേവനം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നൽകുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി നടത്തിപ്പിന് മൂന്ന് ഘടകങ്ങൾ ഉണ്ടാകും. മാലിന്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും കാര്യശേഷി വർദ്ധിപ്പിക്കുക, അവർക്ക് സാങ്കേതിക സഹായം നൽകുക, ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവ ആദ്യ ഘടകത്തിന്റെ ഭാഗമാകും. അതോടൊപ്പം, ഖരമാലിന്യ സംസ്കരണത്തിന്റെ സ്ഥാപനപരവും സാമ്പത്തികവും നയപരവുമായ പരിഷ്കാരങ്ങൾ ഏറ്റെടുക്കുന്നതിന് പ്രാദേശിക തലത്തിലുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് സഹായവും നൽകും. രണ്ടാമത്തെ ഘടകത്തിൽ വികേന്ദ്രികൃത മാലിന്യ സംസ്കരണം ശക്തിപ്പെടുത്തുന്നതിനും അജൈവ മാലിന്യങ്ങൾ ശരിയായി സംസ്കരിക്കുന്നതിനും വേണ്ടി നഗരസഭകൾക്ക് പ്രത്യേക ഗ്രാന്റ് ആയി സാമ്പത്തിക സഹായം നൽകും. മാലിന്യ നിർമാർജ്ജനം, മാലിന്യ ശേഖരണം, മാലിന്യങ്ങൾ ശേഖരിക്കുവാൻ വേണ്ടിയുള്ള വാഹനങ്ങൾ ഏർപ്പെടുത്തൽ, കോവിഡ് സഹായ പ്രവർത്തനങ്ങൾ, പൊതു തെരുവുകൾ വൃത്തിയാക്കൽ, ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ ശുചീകരണ സാമഗ്രികൾ ലഭ്യമാക്കൽ, ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട്, നിലവിലുള്ള മാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ പുനരുജ്ജീവനം, മെറ്റീരിയൽ കളക്ഷൻ സെന്റർ, റിസോഴ്സ് റിക്കവറി ഫെസിലിറ്റി എന്നിവയുടെ നിർമ്മാണം മുതലായവ ഈ ഘടകത്തിൽ ഉൾപ്പെടും. മൂന്നാമത്തേതും അവസാനത്തേതുമായ ഘടകം മേഖല അടിസ്ഥാനത്തിൽ കേന്ദ്രീകൃത ഖരമാലിന്യ പ്ളാന്റുകളുടെ നിർമ്മാണം, സാനിറ്ററി ലാൻഡ് ഫിൽ, നിലവിലുള്ള ഖരമാലിന്യ പ്ളാന്റുകളുടെ പുനരുദ്ധാരണം എന്നിവ ഉറപ്പാക്കും. കൂടാതെ, കോവിഡ് പശ്ചാത്തലത്തിൽ വർദ്ധിച്ച അളവിലുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സംസ്ഥാനത്തിന്റെ ശേഷി വിപുലീകരിക്കുന്നതിന് ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (എസ്പിഎംയു) പദ്ധതിക്ക് നേതൃത്വം നൽകുകയും ദൈനംദിനനിരീക്ഷണം ഉറപ്പാക്കുകയും ചെയ്യുന്ന ത്രിതല സംവിധാനത്തിലൂടെയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. എസ്പിഎംയു ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (ഡിപിഎംയു) പദ്ധതിയും ജില്ലാതല പ്രവർത്തനങ്ങളും ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യും. മൂന്നാമത്തേത് പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളാണ് (പിഐയു). ഈ യൂണിറ്റ് 93 നഗര തദ്ദേശ സ്ഥാപനങ്ങളിൽ പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കും. ആദ്യ ഘട്ടമായി, ട്രാക്ക് 1 പ്രവർത്തനങ്ങൾ എസ്പിഎംയു ഇതിനകം തന്നെ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് അവയുടെ നിലവിലുള്ള ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി ഗ്രാന്റുകൾ ഇതിന്റെ ഭാഗമായി നൽകും. നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിന് പുറമെയാണ് ഗ്രാന്റ് നൽകുന്നത്. കൂടാതെ, പരമ്പരാഗത മാലിന്യം തള്ളുന്ന സ്ഥലങ്ങൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി വിശദമായ പദ്ധതി തയ്യാറാക്കിവരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ ജില്ലകളിലായി 38 മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.