കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ പിന്തുടർന്ന് റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ. ഒളശ്ശ വേലംകുളം സ്വദേശി 21 കാരനായ രാഹുൽ രാജീവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 15 ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഗൂഗിൾ പേ ചെയ്യാനെന്ന വ്യാജേന സ്ത്രീയുടെ നമ്പർ കൈക്കലാക്കിയ പ്രതി, അവരെ ഫോണിൽ വിളിച്ച് വീടും സ്ഥലവും മനസ്സിലാക്കിയ ശേഷം വൈകീട്ട് ബസിൽ പിന്തുടർന്നു.
സ്ത്രീ ഇറങ്ങേണ്ട സ്റ്റോപ്പിന് ഒരു സ്റ്റോപ്പ് മുന്നേ ബസ് ഇറങ്ങിയ ഇയാൾ ഓട്ടോയിൽ ബസിനെ പിന്തുടർന്നു. സ്ത്രീ ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ വച്ച് ഇവരെ കടന്നുപിടിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോയി റബ്ബർ തോട്ടത്തിലിട്ട് പീഡിപ്പിക്കുകയുമായിരുന്നു. ഇതിന് ശേഷം സ്ത്രീയുടെ ഫോണും ഇയാൾ കൈക്കലാക്കുകയും ചെയ്തു. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട വീട്ടമ്മയെ ബൈക്കിൽ എത്തിയ യാത്രികരാണ് രക്ഷപ്പെടുത്തിയത്. പ്രതിയെ റബ്ബർ തോട്ടത്തിൽ തിരഞ്ഞെങ്കിലും അപ്പോഴേക്കും അയാൾ ഓടി രക്ഷപ്പെട്ടിരുന്നു.
സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പ്രതി മറ്റൊരു ഓട്ടോയിൽ അയർക്കുന്നത്ത് എത്തുകയും ബാറിൽ കയറി മദ്യപിക്കുകയും ചെയ്തു. വീട്ടമ്മയുടെ ഫോൺ ഇയാൾ സ്വിച്ച് ഓഫ് ആക്കി വച്ചു. ഭാര്യ ആശുപത്രിയിലാണെന്ന് പറഞ്ഞ് ബാറിലുണ്ടായിരുന്നയാളുടെ സഹായത്തോടെ
ബൈക്കിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെത്തി അവിടെ നിന്ന് നടന്ന് വീട്ടിലേക്ക് പോയി. പ്രതിയുടെ ഫോൺ നമ്പർ ട്രേസ് ചെയ്ത പൊലീസ് ഇയാളെ ഒളശ്ശയിലെ വീട്ടിൽ നിന്ന് പോലീസ് പിടികൂടുകയായിരിന്നു.