അഞ്ച് ജില്ലകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പഞ്ചാബില്‍ ഒഴികെ നാലിടങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി വിജയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുപി തിരഞ്ഞെടുപ്പിനുശേഷം യോഗിയുടെ ഫോട്ടോ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു എസ്പി പ്രവര്‍ത്തകന് പൊള്ളലേറ്റു എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ‘രാമ ഭക്തനും സന്യാസിയുമായ മഹാനായ യോഗിജിയുടെ ചിത്രം നടുറോട്ടില്‍ വെച്ച് പെട്രോളൊഴിച്ച് കത്തിക്കാന്‍ നോക്കിയതാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അവന്‍ ചെയ്ത പാപത്തിന് ഫലം അപ്പോള്‍ തന്നെ കിട്ടി.’ എന്നുള്ള കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന ദൃശ്യങ്ങളിലെ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
യോഗിയുടെ ചിത്രം കത്തിക്കുമ്പോള്‍ അബദ്ധത്തില്‍ തീപിടിക്കുന്ന രംഗങ്ങളല്ല ഇത്. തിരക്കേറിയ ഒരു റോഡിലാണ് സംഭവം നടക്കുന്നത്. വാഹനങ്ങള്‍ പോകുന്നതും ആളുകള്‍ നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാനാകുന്നുണ്ട്. തീപ്പൊള്ളലേറ്റ് ഓടുന്നയാളുടെ കൈകളില്‍ ഒരു പ്ലക്കാര്‍ഡ് കാണാനാകുന്നുണ്ട്. ക്യാമറയ്ക്ക് അനഭിമുഖമായി നില്‍ക്കുന്നതിനിടെയാണ് തീപടരുന്നത്. തീ ആളിക്കത്തിയപ്പോള്‍ വസ്ത്രങ്ങള്‍ വലിച്ചൂരിയെറിഞ്ഞുകൊണ്ട് ഇയാള്‍ ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസുകാരും നാട്ടുകാരും ഇയാള്‍ക്ക് അരികിലേക്ക് എത്തുന്നുണ്ട്. വീഡിയോ ഗൂഗിളിൽ പരിശോധിച്ചപ്പോൾ അതെ ദൃശ്യം ചില വെബ്‌സൈറ്റുകളില്‍ കാണാനായി.
‘ലഖ്നൗവില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു.’ എന്ന കുറിപ്പോടെ പങ്കിട്ട ട്വീറ്റും കാണാനായി. തീകൊളുത്തുന്നയാളുടെ കൈകളിലുള്ള പ്ലക്കാര്‍ഡില്‍ യോഗിയുടെ ചിത്രമല്ല ഉള്ളതെന്ന് കാണാം. ഇതുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ ഇൻറർനെറ്റിൽ ഉണ്ട്. ഇതില്‍ നിന്ന് മനസിലാക്കാനായത് യുപിയിലെ നിയമസഭാ ഇലക്ഷനില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ വരാത്തതിലുള്ള വിഷമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ്.
बड़ी घटना
लखनऊ में समाजवादी पार्टी के कार्यकर्ता ने खुद को आग लगा ली। pic.twitter.com/C3SCxsL3Fz— Pankaj Parashar (@PANKAJPARASHAR_) March 10, 2022
വോട്ടെണ്ണല്‍ നടന്ന 2022 മാര്‍ച്ച് പത്തിനാണ് വാര്‍ത്ത നല്‍കിയിട്ടുള്ളത്. കാണ്‍പൂരിലെ എസ്പിയുടെ വൈസ്പ്രസിഡന്റ് നരേന്ദ്ര സിംഗ് ആണ് സ്വയം തീകൊളുത്തിയതെന്ന് വാര്‍ത്തയില്‍ പറയുന്നു. വോട്ടിംഗ് മെഷീനില്‍ ബിജെപി കൃത്രിമം കാട്ടിയതിനാലാണ് അഖിലേഷ് യാദവിന് ഭരണം പിടിക്കാനാകാത്തത് എന്ന് നരേന്ദ്ര സിംഗ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് എത്തി ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 30 ശതമാനം പൊള്ളലേറ്റ നരേന്ദ്ര സിംഗിന്റെ അവസ്ഥ വളരെ മോശമായിരുന്നു. മറ്റ് മാധ്യമങ്ങളിലും സമാനമായ വാര്‍ത്ത കാണാനായി. ഇതോടെ ഈ ദൃശ്യങ്ങൾ യോഗിയുടെ ചിത്രം കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന കാര്യം വ്യക്തമാണ്.