തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വീണ്ടും അപ്രതീക്ഷിത സന്ദർശനം നടത്തി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതേകാലോടെയാണ് മന്ത്രി ആശുപത്രിയിൽ എത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമർജൻസി വിഭാഗങ്ങൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തുകയും ചെയ്തു. ആശുപത്രിയിലെ ഡ്യൂട്ടി ലിസ്റ്റും പരിശോധിച്ചു.
രാത്രിയിൽ സീനിയർ ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കുണ്ടെന്നും അത്യാഹിത വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നതായും മനസിലാക്കിയെന്നു മന്ത്രി പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ നിന്നും മന്ത്രി പിന്നീട് വാർഡുകളാണ് സന്ദർശിച്ചത്. അപ്പോഴാണ് പത്തൊമ്പതാം വാർഡിലെ രോഗിയായ പത്മാകുമാരിയുടെ ഭർത്താവ് മന്ത്രിയെ കണ്ട് മരുന്നുകളൊന്നും കാരുണ്യ ഫാർമസിയിൽ നിന്നും കിട്ടുന്നില്ലെന്ന പരാതി അറിയിച്ചത്. അദ്ദേഹത്തിൽ നിന്നും മന്ത്രി മരുന്നിന്റെ കുറുപ്പ് വാങ്ങി കാരുണ്യ ഫാർമസിയിലെത്തുകയായിരുന്നു. മന്ത്രി പുറത്ത് നിന്ന ശേഷം ഒരാളെ കാരുണ്യ ഫാർമസിയിലേക്കയച്ചു. മരുന്നില്ലെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് പറഞ്ഞ് ജീവനക്കാരി ചെന്ന വ്യക്തിയോട് ദേഷ്യപ്പെട്ടു.
പിന്നാലെ മാസ്ക് ധരിച്ച് മന്ത്രി കൗണ്ടറിലെത്തി ആ കുറിപ്പ് കാണിച്ചു. അപ്പോഴും മരുന്നില്ലെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി.എന്തുകൊണ്ട് മരുന്നില്ലെന്ന് ചോദിച്ചു. മറുപടി പറയാൻ ജീവനക്കാർ പതറി. ഉടൻ തന്നെ മന്ത്രി ഫാർമസിക്കകത്ത് കയറി കമ്പ്യൂട്ടറിൽ മരുന്നുകളുടെ ലിസ്റ്റ് പരിശോധിക്കുകയും ഡോക്ടർമാർ എഴുതുന്ന മരുന്നുകളുടെ ലിസ്റ്റെടുത്ത്, ആവശ്യകതയനുസരിച്ച് കൃത്യമായി മരുന്നുകൾ സ്റ്റോക്ക് ചെയ്യണമെന്ന നിർദ്ദേശം മന്ത്രി നൽകുകയുമായിരുന്നു. അത്യാവശ്യ മരുന്നുകൾ കൃത്യമായി സ്റ്റോക്ക് ചെയ്യാൻ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ കെ എം എസ്.സി.എൽന് മന്ത്രി നിർദേശം നൽകി.