തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്ചയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കും. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരോട് വിശദീകരണം തേടിയിട്ടുണ്ട്.
ഞായറാഴ്ച നാലു പേർ മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് നിയമവിരുദ്ധമായി കയറിയിരുന്നു. ഇവർ എത്തിയത് പൊലീസുകാർ ജിഡിയിൽ എഴുതിയിരുന്നില്ല. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ എത്തിയത് പൊലീസുകാർ ഡിവൈഎസ്പിയെ അറിയിച്ചില്ല. വിവരം ഡിവൈഎസ്പി അറിഞ്ഞതിന് ശേഷമാണ് കേസ് എടുത്തിരിക്കുന്നത്. സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡിവൈഎസ്പി എസ്പിയ്ക്ക് റിപ്പോർട്ട് നൽകും. സംഭവത്തിൽ പൊലീസുകാരുടെ ഭാഗത്ത് ഉണ്ടായത് ഗുരുതര വീഴ്ചയാണ് എന്ന് റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചനകൾ ലഭിക്കുന്നത്.
തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പമാണ് കുമളി സ്വദേശികളായ നാലുപേര്‍ അണക്കെട്ടിൽ എത്തിയത്. തമിഴ്നാടിന്റെ ബോട്ടിലായിരുന്നു യാത്ര. കേരള പൊലീസിലെ റിട്ട. എസ്ഐമാരായ റഹീം, അബ്ദുൾ സലാം, ഡൽഹി പൊലീസിൽ ഉദ്യോഗസ്ഥനായ ജോണ്‍ വര്‍ഗീസ്, മകൻ വര്‍ഗീസ് ജോണ്‍ എന്നിവരാണ് അനധികൃതമായി ഡാമിൽ എത്തിയത്.