അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലും വിജയം നേടിയ ബിജെപിക്കെതിരെ പലവിധ ആരോപണങ്ങളും ഉയർന്ന് കേൾക്കുന്നുണ്ട്. ഇവയിൽ പലതും വ്യാജമാണെങ്കിലും, നിരവധി ആളുകളാണ് ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ ഇത്തരം പോസ്റ്റുകൾ പങ്കുവെക്കുന്നത്. വ്യാപകമായി കള്ളവോട്ട് ചെയ്താണ് പാർട്ടി വിജയിച്ചത് എന്ന പ്രചാരണവും അതുമായി ബന്ധപ്പെടുത്തുന്ന ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘ഇ.വി.എംൽ ഏത് ബട്ടനിൽ കുത്തിയാലും താമര വിരിയും. പിന്നെ എങ്ങനെ ചാണക കുഴിയിൽ നിന്ന് രക്ഷപ്പെടും’ എന്നുള്ള കുറിപ്പിനൊപ്പമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. എന്നാൽ പോസ്റ്റിലെ ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ഈ വീഡിയോ 2019 മുതൽ പ്രചാരത്തിലുള്ളതാണ്. 2022 മാർച്ച് 10ന് വോട്ടെണ്ണൽ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ഇതിന് യാതൊരുവിധ ബന്ധവുമില്ല. ഒരു വനിതാ വോട്ടർ ബിഎസ്പി സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നു പക്ഷെ വിവി പാറ്റ്ൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര തെളിഞ്ഞുവരുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ ഗൂഗിളിൽ പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ പഴയ പതിപ്പുകൾ കാണാനായി. ഈ വീഡിയോ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലം മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ ആണ്. ഏറ്റവുമൊടുവിലായി ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത് 2020ലെ ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ്.
വീഡിയോയിൽ വോട്ട് രേഖപ്പെടുത്തുന്ന സ്ത്രീ തൻറെ ചൂണ്ടുവിരൽ രണ്ടാമത്തെ കള്ളിയിലുള്ള ബിഎസ്പി സ്ഥാനാർത്ഥിയുടെ ബട്ടണുനേരെ കൊണ്ടുപോകുമ്പോൾ തന്നെ പെരുവിരൽ തൊട്ടുതാഴെയുള്ള ബിജെപി സ്ഥാനാർഥിയുടെ നേരെ വയ്ക്കുന്നത് കാണാം. യഥാർത്ഥത്തിൽ ചൂണ്ടുവിരലിനുപകരം പെരുവിരലാണ് വീഡിയോയിലെ വോട്ടർ അമർത്തുന്നത്. ഇത് കാരണമാണ് ബിജെപി സ്ഥാനാർഥിക്ക് നേരെയുള്ള ചുവപ്പ് ലൈറ്റ് കത്തുന്നതും തുടർന്ന് വിവി പാറ്റ്ൽ ബിജെപിയുടെ ചിഹ്നം തെളിയുന്നതും. സാധാരണഗതിയിൽ ആളുകൾ വോട്ട് ചെയ്യാൻ ചൂണ്ടുവിരൽ കുത്തുന്നതിനാൽ വീഡിയോയിലെ സ്ത്രീ ബിഎസ്പിക്കാണ് വോട്ട് ചെയ്തത് എന്ന് കാണുന്നവർക്ക് തോന്നുന്നു. ഈ വീഡിയോ പല വർഷങ്ങളായി ഇൻറർനെറ്റിൽ പ്രചാരത്തിൽ ഉള്ളതാണെന്നും അടുത്തുനടന്ന ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ഇതോടെ വ്യക്തമാണ്.