കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്, മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ചിരുന്ന അബ്ദുറഹ്മാന് എന്നിവരടക്കം എട്ടുപേരാണ് കേസിലെ പ്രതികള്‍.
പ്രതി സൈജു തങ്കച്ചൻ അമിതവേഗത്തിൽ വാഹനം പിന്തുടർന്നതാണ് മോഡലുകളടെ വാഹനം അപകടത്തിൽപ്പെടാൻ കാരണമെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. വാഹനം ഓടിച്ചിരുന്ന അബ്ദുൾ റഹ്മാൻ അമിതമായി മദ്യപിച്ചിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. റോയ് വയലാറ്റും സൈജുവും ദുരുദ്ദേശത്തോടെ ഹോട്ടലിൽ തങ്ങാൻ നിർദേശിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
2021 നവംബര്‍ ഒന്നിന് പുലര്‍ച്ചെ പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിലാണ് മുന്‍ മിസ് കേരള ജേതാക്കളും മോഡലുകളുമായ അന്‍സി കബീര്‍, അന്‍ജന ഷാജന്, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവര്‍ മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. വാഹനമോടിച്ചിരുന്ന അബ്ദുറഹ്മാന് മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മോഡലുകള്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍നിന്ന് മടങ്ങുകയായിരുന്നുവെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന് എന്നിവരിലേക്ക് അന്വേഷണം എത്തുകയായിരുന്നു.