നൂറ്റിയൊന്നാം വയസ്സിൽ അമ്മയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ സ്ത്രീയുടെ ചിത്രം അന്താരാഷ്ട്ര വനിതാ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. വളരെ അവശയായി ആശുപത്രിക്കിടക്കയിൽ കൈക്കുഞ്ഞിനെ താലോലിക്കുന്ന വൃദ്ധയുടെ ചിത്രമാണ് പ്രചരിച്ചിരുന്നത്. തുർക്കിയിൽ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയാണ് ഇറ്റാലിയൻ വൃദ്ധ വീണ്ടും അമ്മയായത് എന്ന പ്രചരണവും ഈ ചിത്രത്തോടൊപ്പം കണ്ടിരുന്നു. എന്നാൽ ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2015ൽ കൊച്ചുമകളുടെ കുഞ്ഞിനെ ആശുപത്രി കിടക്കയിൽ വച്ച് കയ്യിൽ ഏറ്റുവാങ്ങുന്ന മുത്തശ്ശിയുടെ ചിത്രമാണ് ഇത്.
ചിത്രം ഗൂഗിളിൽ പരിശോധിച്ചപ്പോൾ നിരവധി വാർത്താ മാധ്യമങ്ങൾ ഈ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി. ഇതിൽനിന്നും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്ന ദിവസം തന്റെ പേരക്കുട്ടിയുടെ ആഴ്ച്ചകൾ മാത്രം പ്രായമായ കുഞ്ഞിനെ ഏറ്റുവാങ്ങുന്ന നൂറ്റിയൊന്ന് വയസ്സുകാരി റോസാ കാംഫിൽഡിന്റെ ചിത്രമാണ് ഇതെന്ന് മനസ്സിലായി. കുഞ്ഞിന്റെ അമ്മയായ സാറ ഹാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമായിരുന്നു ഇത്. 2015 ഏപ്രിൽ ഒന്നിന് പ്രസിദ്ധീകരിച്ച ഒരു മാധ്യമത്തിൽ പറയുന്നത് വൈറലായ ഫോട്ടോഷൂട്ടിന് ഒരാഴ്ചക്ക് ശേഷം റോസാ വിടവാങ്ങി എന്നാണ്. ഇതോടെ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം തികച്ചും തെറ്റാണെന്ന് വ്യക്തമായി.