യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുടെ ഭാര്യ ഒലേന സെലൻസ്‌കി സൈന്യത്തിൽ ചേർന്ന് റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നുവെന്ന തരത്തിലുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആയുധമായി നിൽക്കുന്ന ഒരു സ്ത്രീയുടെ ചിത്രത്തിനൊപ്പമാണ് പ്രചാരണം നടക്കുന്നത്. ഇത് കണ്ട് വിശ്വസിച്ച് നിരവധിയാളുകൾ സെലൻസ്‌കിയുടെ ഭാര്യ ഒലേന സെലൻസ്‌കിയെ അനുമോദിച്ച് പോസ്റ്റ് പങ്കുവച്ചു. എന്നാൽ പ്രചരിക്കുന്ന ഈ ചിത്രം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രത്തിൽ കാണുന്ന സ്ത്രീ ഒലേന സെലൻസ്‌കിയല്ല.
യുക്രൈൻ പ്രസിഡന്റിന്റെ യഥാർത്ഥ ഭാര്യ ഒലേന സെലൻസ്‌കി ഇതാണ്.
യുക്രൈനിയൻ സൈന്യത്തിലെ വനിതാ ഓഫിസറാണ് യഥാർത്ഥത്തിൽ ചിത്രത്തിലുള്ളത്. യുക്രൈന്റെ 30ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ മിലിട്ടറി പരേഡിൽ നിന്നുള്ള ചിത്രമാണ് ഇത്. ഈ ചിത്രത്തിലെ വനിതയെ യുക്രൈനിയൻ പട്ടാളക്കാരുടെ ഐസ്റ്റോക്ക് ചിത്രങ്ങളിലും കാണാം. ഒലേന സെലൻസ്‌കി ആയുധമെടുത്ത് യുദ്ധം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു വാർത്തയും പുറത്തുവന്നിട്ടില്ല. ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ചിത്രത്തിൽ കാണുന്ന സ്ത്രീ യുക്രൈൻ വൈസ് പ്രസിഡന്റിന്റെ ഭാര്യയാണെന്നും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ യുക്രൈനിൽ വൈസ് പ്രസിഡന്റ് എന്നൊരു സ്ഥാനമില്ല, പ്രൈം മിനിസ്റ്ററാണ് ഉള്ളത്. ഇതോടെ ഈ പ്രചരണവും തെറ്റാണെന്ന് വ്യക്തമാണ്.