തിരുവനന്തപുരം: കെ റെയിലിനെ ചൊല്ലി സഭയിൽ ഇന്നും രൂക്ഷമായ വാദപ്രതിവാദം. സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെ പ്രതിപക്ഷനേതാവ് വിഡി സതീശൻ ശക്തമായി എതിർത്തു .ലൈൻ കടന്നു പോകുന്നയിടത്തെ ആളുകളെ മാത്രമല്ല പദ്ധതിയുടെ ദൂഷ്യവശങ്ങൾ ബാധിക്കുന്നതെന്നും മറിച്ച് സാമ്പത്തികമായി, പാരിസ്ഥിതികമായി, സാമൂഹ്യമായി കേരളം തകർന്ന് പോകുന്ന പദ്ധതിയാണ് ഇതെന്ന് വി.ഡി സതീശൻ പറഞ്ഞു.
കേരളത്തെ ഗൗവതരമായി ബാധിക്കുന്ന വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചതിനെ അഭിനന്ദിക്കുന്നു. നിയമനിര്‍മ്മാണ സഭയിലല്ലാതെ ഈ വിഷയം തെരിവിലാണോ ചര്‍ച്ച ചെയ്യേണ്ടത്? കുടിയിറക്കപ്പെടുന്നവര്‍ മാത്രമല്ല കേരളം മുഴുവന്‍ സില്‍വര്‍ ലൈനിന്റെ ഇരകളായി മാറും. പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും കേരളം തകര്‍ന്നു പോകുന്നൊരു പദ്ധതിയാണിത്. കേരളത്തിന്റെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ സ്വാഭാവിക മരണത്തിന് വിട്ടു നല്‍കിക്കൊണ്ടാണ് വരേണ്യ വര്‍ഗത്തിനു വേണ്ടി സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ നടപ്പാക്കുന്നത്.
സില്‍വര്‍ ലൈന്‍ വിജയകരമാകണമെങ്കില്‍ എന്‍.എച്ച് വീതി കൂട്ടരുതെന്നാണ് ഡി.പി.ആറില്‍ പറയുന്നത്. അഥവാ കൂട്ടിയാല്‍ ടോള്‍ നിരക്ക് ഉയര്‍ത്തണം. തീവണ്ടികളിലെ യാത്ര നിരക്ക് ഉയര്‍ത്തിയില്ലെങ്കിലും സില്‍വര്‍ ലൈനിന് ആളെ കിട്ടില്ലെന്നും പറയുന്നുണ്ട്. വിമാന യാത്രക്കാരെ ഒഴിവാക്കാന്‍ വിമാനം വെടിവച്ചിടണമെന്നു പറയാത്തത് ഭാഗ്യമാണെന്നു കരുതുകയാണ്. എല്ലാ പൊതുഗതാഗത സംവിധാനങ്ങളും പരസ്പര പൂരകങ്ങളാണ്. എന്നാല്‍ മറ്റു പൊതുഗതാഗത സംവിധാനങ്ങളെ വിഴുങ്ങുന്ന രീതിയിലേക്കാണ് സില്‍വര്‍ ലൈന്‍ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.