ചായയ്ക്ക് ചൂട് പോരെന്ന പരാതിയുമായി ചൂട് ചായ മുഖത്തൊഴിച്ച വിനോദ സഞ്ചാരികൾക്ക് ഹോട്ടൽ ജീവനക്കാരുടെ മർദ്ദനം. ശനിയാഴ്ച രാത്രി എട്ട് മണിയോടെ മൂന്നാർ ടോപ് സ്റ്റേഷനിലാണ് സംഭവം. മൂന്നാർ സന്ദർശിക്കാനെത്തിയ മലപ്പുറത്ത് നിന്നുള്ള സംഘത്തിനാണ് മർദ്ദനമേറ്റത്. ഹോട്ടൽ ജീവനക്കാരുടെ മർദ്ദനമേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. മലപ്പുറം ഏറനാട് സ്വദേശി അർഷിദ്, ഇവരെത്തിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ് എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്.
ടോപ് സ്റ്റേഷനിലെത്തിയ മുപ്പത്തിയെട്ടുപേരടങ്ങുന്ന സംഘം അവിടെയുള്ള ഒരു ചായക്കടയിൽ കയറി. ലഭിച്ച ചായ തണുത്ത് പോയെന്ന് ആരോപിച്ച് ചൂടുള്ള ചായ സംഘത്തിലൊരാൾ ഹോട്ടൽ ജീവനക്കാരൻറെ മുഖത്തൊഴിച്ചു. ഇതിന് പിന്നാലെ ഹോട്ടൽ ജീവനക്കാരുമായി വാക്കേറ്റമായി. വാക്കേറ്റം രൂക്ഷമായതോടെ സഞ്ചാരികൾ ബസിൽ കയറി സ്ഥലം കാലിയാക്കി, എന്നാൽ ഹോട്ടൽ ജീവനക്കാർ സുഹൃത്തുക്കളുമായി ഇരുചക്രവാഹനങ്ങളിൽ ബസിനെ പിന്തുടർന്നു.
യെല്ലപ്പെട്ടിയിലെത്തിയ ബസിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞു. വിനോദ സഞ്ടാരികളേയും ബസിൻറെ ജീവനക്കാരേയും തടഞ്ഞ് ബസിന് പുറത്തിറക്കി ഹോട്ടൽ ജീവനക്കാർ മർദ്ദിക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതര പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
















