തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഡിജിപിയുടെ ശുപാർശ. ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് ഡിജിപി സർക്കാരിന് കത്ത് നൽകുകയും ചെയ്തു. ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഉടനെ തന്നെ സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് വിജ്ഞാപനമിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം കസ്റ്റഡി മരണക്കേസിൽ പ്രതിയെ മർദ്ദിച്ചില്ലെന്ന് പൊലീസ് വാദം പൊളിയുകയാണ്. സുരേഷിൻ്റെ മരണകാരണം ഹൃദയാഘാതമാണെങ്കിലും ശരീരത്തിലെ പന്ത്രണ്ട് ചതവുകളെക്കുറിച്ച് അന്വേഷണം വേണമെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാർ ഉയർത്തുന്ന ആവശ്യം. ചതവുകള്‍ ഹൃദ്രോഗം വഷളാക്കിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സുരേഷിനൊപ്പം കസ്റ്റഡിയിലെടുത്ത മറ്റ് നാല് പേര്‍ മജിസ്ട്രേട്ടിന് മൊഴി നൽകിയതും അധികൃതരെ കുഴപ്പിക്കുകയാണ്.