പാലക്കാട്: പാലക്കാട് തരൂരിലെ ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകക്കേസിൽ ഒരാൾക്കൂടി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുൻ ആണ് കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി.ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി യാണ് മിഥുൻ. സമുദായ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് ബി.ജെ.പി പ്രവർത്തകൻ അരുൺകുമാറിന് പരിക്കേറ്റത്.
എട്ട് ദിവസത്തോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. അരുൺ കുമാറിൻ്റെ മരണത്തിനിടയാക്കിയത് പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തൽ. ഹൃദയത്തിനാണ് കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.മാർച്ച് രണ്ടിനാണ് ക്ഷേത്രാത്സവത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അരുണിന് കുത്തേറ്റത്. കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ആരോപിച്ച ബി.ജെ.പി ആലത്തൂർ താലൂക്കിൽ ഹർത്താൽ ആചരിച്ചിരുന്നു.