തിരുവനന്തപുരം: സ്തുതിപാഠകരെവച്ച് കോണ്‍ഗ്രസിന് ഇനി മുന്നോട്ട് പോകാനാകില്ലെന്ന് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്തിപൂജയും ബിംബ വല്ക്കരണവും ഒരിക്കലും വിജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദര്‍ശവും ആശയ വ്യക്തതയുമുള്ള നേതാക്കളാണ് പാര്‍ട്ടിക്ക് ആവശ്യം. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി പ്രവര്‍ത്തകരെ നൈരാശ്യ ബോധത്തിലാക്കി. പ്രവര്ത്തകന്മാരുടെ മനോവീര്യം തണുത്തുകൊണ്ടിരിക്കുന്നു. നിര്‍ഭയമായി സംസാരിക്കാന്‍ പാര്‍ട്ടി വേദികളില്‍ അവസരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ചരിത്രബോധത്തോടെ വസ്തുതാപരമായി തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, സോണിയ ഗാന്ധിക്ക് പിന്തുണയുമായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്തെത്തി. എഐസിസി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയും നേതൃമാറ്റവും ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുകയാണ്. സെപ്തംബറിൽ നടത്താനിരുന്ന അധ്യക്ഷ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ യോഗത്തിൽ ധാരണയാകുമെന്നാണ് വിവരം.
അതേസമയം മുകുൾ വാസ്നിക്കിനെ അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെട്ടെന്നാണ് സൂചന. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് മുകുൾ വാസ്‌നിക്. കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇരുപത്തഞ്ചാം വയസിലാണ് വാസ്നിക് ആദ്യമായി എംപിയായത്. 2009-14 വരെ മഹാരാഷ്ട്രയിലെ രാംടെക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. എൻ.എസ്.യുവിൻറെയും യൂത്ത് കോൺഗ്രസിൻറെയും ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.