അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നാല് സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കി തിളങ്ങി നില്‍ക്കുകയാണ് ബിജെപി. ജനവിധിക്ക് പിന്നാലെ ബിജെപിക്കെതിരെ പലവിധ ആരോപണങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വ്യാപകമായി കള്ളവോട്ട് ചെയ്താണ് പാർട്ടി വിജയിച്ചത് എന്ന പ്രചാരവുമായി ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നുണ്ട്. ‘ഈ കുത്തല്‍ അവസാനിക്കാതെ രക്ഷയില്ല’, എന്നുള്ള കുറിപ്പിനൊപ്പം ആണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ പോസ്റ്റിലെ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന വീഡിയോ പശ്ചിമ ബംഗാളിൽ നിന്നുള്ളതാണ്.
പാർട്ടിപ്രവർത്തകൻ എന്ന് തോന്നിക്കുന്ന ഒരാൾ സെക്കൻഡുകളുടെ വ്യത്യാസത്തിൽ പലയാവർത്തി EVM മെഷീൻ ബട്ടൺ അമർത്തി വോട്ടുകൾ രേഖപ്പെടുത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. എന്നാൽ വീഡിയോയിൽ കേൾക്കാവുന്ന ഭാഷ ഹിന്ദി ആയിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഫെബ്രുവരിമാസം മുതൽ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ സജീവമാണെന്ന് കണ്ടെത്താനായി. തൃണമൂൽ കോൺഗ്രസ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നടത്തുന്ന തിരിമറിയാണ് വീഡിയോക്ക് ആസ്പദം. ശ്രീറാംപൂർ മുൻസിപ്പാലിറ്റിയിലെ പതിനഞ്ചാം വാർഡിലെ 134, 135 നമ്പർ ബൂത്തുകളിലാണ് സംഭവം ഉണ്ടായതെന്നും ട്വീറ്റിൽ പറയുന്നു. കൂടുതൽ തിരഞ്ഞപ്പോൾ ഇത് വെസ്റ്റ് ബംഗാളിലെ ഹൂഗ്ലിയിലാണ് ശ്രീറാംപൂർ മുനിസിപ്പാലിറ്റിയെന്ന് മനസ്സിലാക്കാനായി. ഇതോടെ ഇത് ഇപ്പോൾ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത വീഡിയോ ആണെന്ന് വ്യക്തമാണ്.