കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി റോയി വയലാട്ട് പോലീസിന് മുന്നില്‍ കീഴടങ്ങിയതായി റിപ്പോർട്ടുകൾ. മട്ടാഞ്ചേരിയിലാണ് റോയി വയലാട്ട് കീഴടങ്ങിയതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഇയാളെ ഉടന്‍തന്നെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിൽ എടുക്കും. അതേസമയം, പോക്‌സോ കേസിലെ മറ്റൊരു പ്രതിയായ സൈജു എം. തങ്കച്ചന്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് സംഘം ഇപ്പോൾ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളില്‍ റോയി വയലാട്ടിന്റെയും സൈജുവിന്റെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവരുമായി ബന്ധമുള്ളവരുടെ വീടുകളിലും തിരച്ചില്‍ നടത്തി. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊച്ചി നഗരവും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസിന്റെ തിരച്ചില്‍ തുടരുന്നതിനിടെയാണ് റോയി വയലാട്ട് പോലീസിൽ കീഴടങ്ങിയത്.