പാലക്കാട്: പാലക്കാട് (Palakkad) തരൂരിലെ (Tharoor) യുവമോർച്ച പ്രവർത്തകൻ അരുൺകുമാറിന്റെ (Arunkumar) മരണകാരണം പേനാക്കത്തിപോലെയുള്ള ആയുധം കൊണ്ട് ഹൃദയത്തിനേറ്റ കുത്താണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക നിഗമനം. അരുൺകുമാറിന്റെ മൃതദേഹം സംസ്കരിച്ചു. വൻ ജനാവലിയുടെ അകമ്പടിയോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
കേസിലെ ഏഴാം പ്രതി മിഥുനെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. മറ്റ് ആറ് പ്രതികള നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അരുൺകുമാറിൻ്റെ മരണത്തിനിടയാക്കിയത് പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തൽ. ഹൃദയത്തിനാണ് കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മാർച്ച് രണ്ടിനാണ് ക്ഷേത്രാത്സവത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അരുണിന് കുത്തേറ്റത്. ഇന്നലെ ഉച്ചതിരിഞ്ഞ് മരണം സംഭവിച്ചു. കൊലപാതകത്തിന് പിന്നിൽ സി.പി. എമ്മാണെന്ന് ആരോപിച്ച ബി. ജെ.പി. ആലത്തൂർ താലൂക്കിൽ ഹർത്താൽ ആചരിച്ചിരുന്നു
ഉച്ച കഴിഞ്ഞ് മൂന്നരയോടെ ജന്മനാടായ പഴമ്പാലക്കോടേക്ക് അരുൺകുമാറിൻ്റെ മൃതദേഹമെത്തിച്ചപ്പോൾ നിരവധി ബിജെപി,യുവമോർച്ച പ്രവർത്തകരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോമോർട്ടം പൂർത്തിയാക്കിയ ശേഷം പാലക്കാട് ജില്ലാ അതിർത്തിയായ പ്ളാഴിയിൽ എത്തിച്ച മൃതദേഹം കേന്ദ്ര മന്ത്രി വി. മുരളീധരൻ ഏറ്റുവാങ്ങി. ഒരു മണിക്കൂർ വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷമാണ് അരുൺ കുമാറിന്റെ മൃതദേഹം പാമ്പാടി ഐവർ മഠത്തിലേക്ക് കൊണ്ടുപോയത്.