തൃശൂർ: ഈ മാസം 31നകം യാത്രാനിരക്ക് വർധിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെറഡറേഷൻ. മറ്റ് ബസുടമ സംഘടനകളുമായി കൂടിയാലോചിച്ച് സമര തിയതി പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബസ് നിരക്ക് വർധനവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാതിരിക്കുകയും ബജറ്റിൽ പരാമർശം ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടു പോകാൻ സർക്കാരിൻറെ സഹായം വേണം. നാല് മാസമായി വിദ്യാർഥികളുടെ നിരക്ക് വർധന ആവശ്യപ്പെടുന്നു. സാമ്പത്തfകമായി തകർന്ന നിലയിലാണ് വ്യവസായം. എന്നിട്ടും സർക്കാർ പരിഗണിക്കുന്നില്ല. മിനിമം ചാർജ് 12 രൂപയും വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയുമാക്കണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. ബസ് നിരക്ക് വർധിപ്പിക്കണമെന്ന് സർക്കാർ നിയോഗിച്ച കമീഷൻ ശുപാർശ ചെയ്യുകയും അനിവാര്യമാണെന്ന് സർക്കാർ തന്നെ കണ്ടെത്തിയിട്ടും നിരവധി തവണ ഉടൻ പരിഗണിക്കുമെന്ന് പറഞ്ഞ് കബളിപ്പിക്കുകയും ചെയ്യുകയാണ്. മിനിമം നിരക്ക് പത്ത് രൂപയായും വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും സർക്കാരിന് നയാ പൈസയുടെ മുതൽമുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ആയിരക്കണക്കിന് കോടി രൂപ സർക്കാരിന് മുൻകൂർ നികുതി നൽകുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്സിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിൻറെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബജറ്റ് ഇത് പൂർണമായും അവഗണിച്ചു