പിഎഫ് ലോൺ അനുവദിക്കാൻ ആയി അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച സംസ്ഥാന നോഡൽ ഓഫീസർ വിനോയ് ചന്ദ്രനെതിരെ വിജിലൻസിന് കൂടുതൽ തെളിവുകൾ കിട്ടിയതായി റിപ്പോർട്ടുകൾ. ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ വിനോയിയുടെ ഫോണിൽ നിന്ന് വിജിലൻസ് ശേഖരിക്കുകയും ചെയ്തു. ഗെയിൻ പിഎഫ് വിഹിതം രേഖപ്പെടുത്തുന്നതിലെ അപാകതയാണ് ഇയാൾ മുതലെടുത്തതെന്നും വിജിലന്‍സ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഗവൺമെന്റ് എയിഡഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊവിഡന്റ് ഫണ്ട് രേഖപ്പെടുത്തുന്നതിലെ അപാകതയാണ് വിനോയിയെ പോലുള്ള ഉദ്യോഗസ്ഥർക്ക് അധികാര ദുർവിനിയോഗത്തിന് വളമായത്. ശമ്പളത്തിൽ നിന്ന് പിഎഫ് വിഹിതം പിടിച്ചെങ്കിലും ക്രഡിറ്റിൽ കൃത്യമായി രേഖപ്പെടുത്തിയില്ല. കുട്ടികളുടെ കുറവ് കാരണം ജോലി നഷ്ടപ്പെട്ടശേഷം അധ്യാപക ബാങ്ക് വഴി നിയമനം കിട്ടിയവരാണ് കൂടുതലും ഇത്തരം സാങ്കേതിക തടസം നേരിട്ടത്. പരാതിക്കാരിയായ അധ്യാപികയും ഇങ്ങനെ എത്തിയതായിരുന്നു.
പിഎഫിൽ സമാന പ്രശ്നം നേരിടുന്ന നൂറ്റി അറുപതോളം അധ്യാപികമാരുണ്ട്. ഇവരിൽ പലരും ഗെയിൻ പിഎഫ് നോഡൽ ഓഫീസർ എന്ന നിലയിൽ വിനോയിയെ സമീപിച്ചിരുന്നു. ഇവരോടെല്ലാം വിനോയ് അശ്ലീല ചാറ്റ് നടത്തിയതിന്റേയും ലൈംഗിക താൽപര്യങ്ങൾ കാണിച്ചതിന്റേയും ഫോൺ രേഖകൾ അന്വേഷണസംഘത്തിന് കണ്ടു കിട്ടി. ദുരനുഭവം നേരിട്ട മറ്റൊരു അധ്യാപിക വിനോയിക്കെതിരെ സമൂഹമാധ്യമത്തിൽ പരസ്യമായി പ്രതികരിച്ചെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.