തിരുവനന്തപുരം: വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മുഴുവൻ ഇന്ത്യക്കാരെയും യുക്രൈനിലെ യുദ്ധമുഖത്തു നിന്നും ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വിജയകരമായി രക്ഷപെടുത്താൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ബിജെപി പ്രവർത്തകരും ഉക്രെയ്നിൽ നിന്ന് തിരികെയെത്തിയ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളും ചേർന്നു വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരിച്ചുവരാൻ ആഗ്രഹിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മുഴുവൻ ഇന്ത്യക്കാരും യുക്രൈൻ അതിർത്തി കടന്നു. ഇനി കുറച്ചുപേർ മാത്രമേ മടങ്ങി വരാൻ ഉള്ളു. ഇരുപതിനായിരത്തിലധികം പേർ ഇതിനകം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി സ്വദേശത്തേക്ക് മടങ്ങി. ഏറ്റവും പ്രതികൂലമായ സാഹചര്യം അതിജീവിച്ചാണ് ഇന്ത്യൻ പതാകയുടെ പിൻബലത്തിൽ കുട്ടികളെ തിരികെ കൊണ്ടുവന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തര ഇടപെടലാണ് ശ്രമകരമായ ദൗത്യം വേഗത്തിൽ പൂർത്തീകരിക്കാൻ വഴിയൊരുക്കിയതെന്നും അദേഹം പറഞ്ഞു.വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരിട്ട് ഒഴിപ്പിക്കൽ ദൗത്യത്തിന് മേൽനോട്ടം വഹിച്ചു. നരേന്ദ്രമോദിയുടെ നയതന്ത്ര മികവിൽ എല്ലാവരും അഭിമാനിക്കുമ്പോൾ കേരളത്തിലെ ചില നേതാക്കൾ അടിസ്ഥാനരഹിതമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നതെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.