അസോസിയേഷൻ ഓഫ് ഡിമോക്രറ്റിക് റൈറ്റ്സ് പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് ഒരു പോസ്റ്റ് പറയുന്നു. കേരളാമുഖ്യമന്ത്രി പിണറായി വിജയനെ ചുറ്റിപ്പറ്റി അത്തരമൊരു വാദം സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നു. ‘പാവപെട്ട പാർട്ടിയുടെ പാവപെട്ട മന്ത്രി, കണ്ടു പഠിക്കൂ മതേതര ഹിന്ദുക്കളെ,’ എന്നുള്ള കുറിപ്പിനൊപ്പം ആണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാൽ പോസ്റ്റിലെ ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ്. അസോസിയേഷൻ ഓഫ് ഡിമോക്രറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികനായ മൂന്നാമത്തെ മുഖ്യമന്ത്രി പഞ്ചാബിലെ ക്യാപ്റ്റൻ അമരീന്ദർ സിംഗാണ്. റിപ്പോർട്ട് പ്രകാരം പിണറായി വിജയൻറെ സ്ഥാനം പുറകിൽ നിന്നും ഏഴാം സ്ഥാനത്താണ്.
പോസ്റ്റിലെ വാക്കുകൾ ഫെയ്സ്ബുക്കിൽ തിരഞ്ഞപ്പോൾ ഇതേ പോസ്റ്റർ വർഷങ്ങളായി പ്രചാരത്തിലുള്ളതാണെന്ന് കാണാം. ഗൂഗിളിൽ തിരഞ്ഞപ്പോൾ അസോസിയേഷൻ ഓഫ് ഡിമോക്രറ്റിക് റിഫോംസിന്റെ വെബ്സൈറ്റിൽ സമാനമായ റിപ്പോർട്ട് കണ്ടെത്താനായി. രാജ്യത്തെ വോട്ടർമാരെ കൂടുതൽ അവബോധരാക്കാൻ പോന്ന പഠനറിപ്പോർട്ടുകൾ തയ്യാറാക്കുന്ന സംഘടനയാണ് അസോസിയേഷൻ ഓഫ് ഡിമോക്രറ്റിക് റിഫോംസ് അഥവാ എഡിആർ. ഇതേ ലക്ഷ്യത്തിനായി പദയാത്രകളും തെരുവുനാടകങ്ങളും മറ്റും സംഘടിപ്പിക്കുന്നതും ഇവരുടെ പതിവാണ്. ഇതിൽനിന്നും പഠനറിപ്പോർട്ട് പുറത്തുവിട്ട വെബ്‌സൈറ്റിന്റെ പേര് പോസ്റ്റിൽ തെറ്റായി ഉപയോഗിച്ചതാവാം. അസോസിയേഷൻ ഓഫ് ഡിമോക്രറ്റിക് റൈറ്റ്സ് എന്ന ഒരു സംഘടന നിലവിൽ ഉള്ളതിന്റെ വിവരങ്ങൾ ഒന്നുംതന്നെ ലഭിച്ചിട്ടില്ല.
എന്നാൽ പ്രസ്തുത റിപ്പോർട്ട് എഡിആർ പുറത്തിവിട്ടിരിക്കുന്നത് 2018 ഫെബ്രുവരിയിലാണ്. ഇതിനൊപ്പംതന്നെ ഏറ്റവും ധനികരായ മൂന്ന് മുഖ്യമന്ത്രിമാരെയും ഏറ്റവും ദരിദ്രരായ മൂന്ന് മുഖ്യമന്ത്രിമാരെയും പരിചയപ്പെടുത്തുന്ന മറ്റൊരു റിപ്പോർട്ട് കൂടി ഉണ്ടായിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ചപ്പോൾ ധനികരുടെ പട്ടികയിൽ ഉണ്ടായിരുന്നത് മുൻ ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു (177 കോടി), അരുണാചൽ പ്രദേശിലെ പേമാ ഖാണ്ഡു (129 കോടി), പഞ്ചാബിലെ അമരീന്ദർ സിംഗ് (48 കോടി) എന്നിവരാണ്. റിപ്പോർട്ട് പ്രകാരം ഒരു കോടി രൂപയുടെ ആസ്തിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളത്. അതുകൊണ്ടുതന്നെ പോസ്റ്റിലെ വാദം ഈ റിപ്പോർട്ട് പ്രകാരം തെറ്റാണെന്ന് വെക്തമായി.