തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന് രാവിലെ 9ന് നിയമസഭയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും. നേരത്തെ അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ രൂപമായിരുന്നു കഴിഞ്ഞ വർഷം അവതരിപ്പിച്ചത്.പുതിയ നികുതി പരിഷ്കാരം ഉൾപ്പെടെയുണ്ടായേക്കും.
കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള സംസ്ഥാനത്തിന്റെ ദിശാസൂചികയാകും ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ്. ആരോഗ്യ മേഖലക്ക് നൽകുന്ന പ്രത്യേക പരിഗണനക്ക് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റിൽ പ്രത്യേക ഊന്നലുണ്ടാകും. കാർഷിക മേഖലയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്ന ബജറ്റാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാന സർക്കാരിന് ഏറ്റവുമധികം നികുതി വരുമാനം ലഭിക്കുന്ന മദ്യം, വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ നികുതി വർദ്ധനയുടെ സൂചനകളുമുണ്ട്.ടൂറിസം, വ്യവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ ഉണ്ടാകും. സിൽവർ ലൈൻ പോലുള്ള പിണറായി സർക്കാരിന്‍റെ പ്രധാന പദ്ധതികളുടെ മുന്നോട്ടു പോക്കിനെ സംബന്ധിച്ചും ബജറ്റിൽ പ്രധാന നിർദേശങ്ങളുണ്ടാകും.