കോട്ടയം: ഓണ്‍ലൈന്‍ ഫുഡ് എത്തിച്ച് കൊടുക്കുന്നതിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി വന്ന യുവാവ് പിടിയില്‍. കോട്ടയം കാഞ്ഞിരപ്പള്ളി – തുമ്പമട സ്വദേശി ആറ്റിന്‍പുറം വീട്ടില്‍ നിതിന്‍ രവീന്ദ്രന് (26) എന്നയാളെയാണ് എറണാകുളം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍ നിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്ന ബൈക്കും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ഓണ്‍ലൈന്‍ ആയി ഭക്ഷണം എത്തിക്കുന്നതിനിടെ അതിവിദഗ്ധമായിട്ടാണ് സമപ്രായക്കരായ യുവതിയുവാക്കളെ ലഹരിക്കെണിയില്‍ പെടുത്തിയിരുന്നത്.
ഭക്ഷണം എത്തിക്കാന്‍ നല്‍കിയിരിക്കുന്ന ലൊക്കേഷന്‍ കൃത്യമല്ല എന്നും അതുകൊണ്ട് തന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് ലൊക്കേഷന്‍ കൃത്യമായി ഷെയര്‍ ചെയ്യണമെന്നും പറഞ്ഞ് കസ്റ്റമറുടെ നമ്പര്‍ കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി. അതിനുശേഷം പതിയെ അവരുമായി സൗഹ്യദം സ്ഥാപിച്ച ശേഷം ഇയാള്‍ ഇവരെ മയക്കുമരുന്നിന് അടിമകള്‍ ആക്കി വരുകയായിരുന്നു.
ഇയാളുടെ കെണിയില്‍ അകപ്പെട്ട ഒരു വിദ്യാര്‍ത്ഥിനിയുടെ സുഹൃത്ത് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ എക്സൈസ് ഷാഡോ ടീം നിരീക്ഷിച്ചുവരുകയായിരുന്നു. കലൂര്‍ സ്റ്റേഡിയം റൗണ്ട് റോഡില്‍ ലഹരി കൈമാറാന്‍ വന്ന ഇയാളെ എക്സൈസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
ഇയാളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചിരുന്നവരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടിയിലുള്ള എക്സൈസിന്റെ സൗജന്യ കൗണ്‍സിലിംഗ് സെന്ററില്‍ എത്തിച്ച് കൗണ്‍സിലിങ്ങിന് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.