കൊച്ചി: ആഭ്യന്തര ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എസ്. ശ്രീശാന്ത്. അടുത്ത തലമുറയിലെ താരങ്ങൾക്കുവേണ്ടിയാണ് താൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു വിരമിക്കുന്നതെന്ന് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.
“അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി..എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ ഞാൻ തിരഞ്ഞെടുത്തു. ഈ തീരുമാനം എന്റേത് മാത്രമാണ്, ഇത് എനിക്ക് സന്തോഷം നൽകില്ലെന്ന് എനിക്കറിയാമെങ്കിലും, ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിത്. ” ശ്രീശാന്ത് പറഞ്ഞു.
അവസാനമായി മേഘാലയക്കെതിരെ രഞ്ജി ട്രോഫിയിലാണ് താരം കളിച്ചത്. ടൂർണമെന്റിനിടെ താരത്തിന്റെ കൈക്ക് പരിക്കേറ്റിരുന്നു. 2007 ല്‍ ടി-20 ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലും 2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു.
ഇന്ത്യക്കായി 27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും 10 ടി20യില്‍ നിന്നും 7 വിക്കറ്റും നേടി.