തമിഴ്നാട്ടിൽ മുസ്ലിം ലീഗും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഡിഎംകെ നയിക്കുന്ന മുന്നണിയിലെ സഖ്യകക്ഷികളാണ്. ഫെബ്രുവരിയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണി വലിയ വിജയം സ്വന്തമാക്കിയിരുന്നു. എങ്കിലും പരസ്പരമുള്ള ചെളിവാരിയെറിയൽ സിപിഎം-ലീഗ് അണികൾക്കിടയിൽ സജീവമാണ്. ലീഗിന് കാര്യമായ നേട്ടം തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാനായില്ല എന്ന് സിപിഎം സൈബർ സഖാക്കൾ ആരോപിക്കുമ്പോൾ നൂറിലധികം സീറ്റ് ലഭിച്ചു എന്ന വാദവുമായി മുസ്ലിം ലീഗ് അനുയായികളും രംഗത്തുണ്ട്. ആകെ133 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് നൂറിലധികം സീറ്റുകൾ നേടി എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പോസ്റ്റിലെ ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
തമിഴ്നാട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യാമായ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ആകെ 41 സീറ്റുകളാണ് മുസ്ലിം ലീഗിന് നേടാനായത്. തമിഴ്‌നാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം വന്നത് 22നാണ്. ഡിഎംകെയോടൊപ്പമുള്ള കോണ്‍ഗ്രസ്, സിപിഎം, മുസ്ലീം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ക്കും താരതമ്യേന മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. ഫെബ്രുവരി 23 ന് പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മുസ്ലിം ലീഗിന് 41സീറ്റുകളാണ് ലഭിച്ചത്. സിപിഎമ്മിന് നേടാനായത് 166 സീറ്റുകൾ. കോണ്‍ഗ്രസ്-592, ബിജെപി-308, സപിഐ-58 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികള്‍ക്ക് നേടാനായ വോട്ടുകളുടെ എണ്ണം. ഈ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതോടെ തമിഴ്‌നാട്ടില്‍ മുസ്‌ലിം ലീഗ് നൂറിലധികം സീറ്റുകളില്‍ വിജയിച്ചു എന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാണ്.